ഹൈദരാബാദിൽ പ്രതികളെ വെടിവച്ചുകൊന്ന സംഭവം; നീതിയെന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

നീതി എന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി ഉടനടി സംഭവിക്കുന്ന ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ.
ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതികളിൽ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങൾ ഹൈദരാബാദ് പൊലീസിന്റെ നടപടിയെ പുകഴ്ത്തുന്നതിന് കാരണമെന്ന് വിമർശനം ഉയർന്നിരുന്നു. അതിനിടെ സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദ് കേസിലെ പ്രതികളെ ഇന്നലെ പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസിൽ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് നടപടിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
Story highlights- s a bobde, hydrabad rape case, gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here