സമുദ്രങ്ങളിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായി റിപ്പോർട്ട്

കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രങ്ങളിലെ ഓക്‌സിജൻറെ അളവ് കുറയുന്നതായി റിപ്പോർട്ട്. അന്തർദേശീയ പ്രകൃതി സംരക്ഷണ യൂണിയനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ സാഹചര്യം നിരവധി മത്സ്യവർഗങ്ങൾ അടക്കമുള്ള സമുദ്രജീവികളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും റിപ്പോർട്ട് പറയുന്നു.
ഗവേഷണാർത്ഥം പരിശോധിച്ച ആയിരത്തോളം സമുദ്ര ഭാഗങ്ങളിൽ 700 ഇടത്ത് ഓക്‌സിജന്റെ കുറവ് രേഖപ്പെടുത്തി. 1960 ൽ ഇത് 45 ഇടത്ത് മാത്രമായിരുന്നു. ഓക്‌സിജന്റെ കുറവ് മൂലം ചൂര, മാലിൻ, സ്രാവ് തുടങ്ങിയ മത്സ്യങ്ങളുടെ സ്വാഭാവിക നിലനിൽപ്പ് കടുത്ത ഭീഷണിയിലാണ്. രാസവളങ്ങൾ ക്രമാതീതമായി കടലിലേക്ക് ഒഴുക്കുന്നതിലൂടെ ഉണ്ടാവുന്ന ജലമലിനീകരണത്തിന് പുറമെ കാലാവസ്ഥാ വ്യതിയാനവുമാണ് സ്ഥിതി രൂക്ഷമാക്കിയത്. അന്തർദേശീയ പ്രകൃതി സംരക്ഷണ യൂണിയന് വേണ്ടി പഠനം നടത്തിയ മിന്ന എപ്‌സ് പറയുന്നു.
ഹരിതഗൃഹ പ്രഭാവം മൂലമുണ്ടാകുന്ന ചൂട് സമുദ്രങ്ങളാണ് പ്രധാനമായും ആഗിരണം ചെയ്യുന്നത്. ഇതോടെ ചൂട് കൂടുന്ന സമുദ്രങ്ങളുടെ ഓക്‌സിജൻ സംഭരിച്ചുവെക്കാനുള്ള ശേഷി കുറയുന്നു. ഇത് കാരണം 1960 മുതൽ 2010 വരെയുള്ള അമ്പതു വർഷത്തിനിടെ സമുദ്രത്തിൽ അലിഞ്ഞ ഓക്‌സിജന്റെ അളവിൽ 2 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി. ഇത് സമുദ്രത്തിൻറെ ചില മേഖലകളിൽ ഓക്‌സിജൻറെ അളവിൽ 40 ശതമാനത്തിന്റെ വരെ കുറവ് രേഖപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നും യൂണിയന്റെ റിപ്പോർട്ട് പറയുന്നു. പ്രകൃതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് സ്വിറ്റ്‌സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തർദേശീയ പ്രകൃതി സംരക്ഷണ യൂണിയൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here