‘ബലാത്സംഗത്തിന് ശേഷം പരാതി നൽകൂ’; അക്രമികളിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയോട് പൊലീസ്

ഉത്തർപ്രദേശിയെ ഉന്നാവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അക്രമികൾ പെട്രോൾ ഒഴിച്ച് കത്തിച്ചതും പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങിയതും രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഇതിനിടെ ഉന്നാവിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതും വാർത്തയായി. ഇപ്പോഴിതാ ഉന്നാവിൽ സ്ത്രീക്കെതിരെ മറ്റൊരു അതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇവിടെ പൊലീസിന്റെ നിഷ്‌ക്രിയത്വവും യുവതി തുടന്നുകാട്ടി.
തന്നെ ബലാത്സംഗം ചെയ്യാൻ ഗ്രാമത്തിലെ പുരുഷന്മാരിൽ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നാവ് സ്വദേശിനിയായ യുവതി രംഗത്തെത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് മരുന്നുവാങ്ങാൻ പോകുമ്പോഴാണ് ബലാത്സംഗ ശ്രമമുണ്ടായതെന്ന് യുവതി പറയുന്നു. മൂന്ന് പേർ ചേർന്ന് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു. വനിതാ ഹെൽപ് സൈൻ നമ്പറായ 1090 ൽ വിളിച്ചപ്പോൾ 100 ൽ വിളിക്കാനാണ് പറഞ്ഞത്. 100 വിളിച്ചപ്പോൾ ഉന്നാവ് പൊലീസിൽ പരാതി നൽകാൻ പറഞ്ഞു. പരാതിയുമായി ചെന്നപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നും യുവതി പറയുന്നു.
ബലാത്സംഗത്തിന് ശേഷം പരാതി നൽകാനായിരുന്ന പൊലീസ് ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി വാങ്ങാതെ പൊലീസ് മടക്കി അയയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തോളം യുവതി പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കത്തിച്ച സ്ഥലത്ത് തന്നെയാണ് ഈ സംഭവവും നടന്നത്.
Read also: പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം; സംസ്ഥാനത്തെ ആദ്യ ആസിഡ് ആക്രമണത്തിന്റെ ഇര റിൻസി ഇന്നും ദുരിതത്തിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here