മലപ്പുറത്ത് കാമുകനെ വിവാഹം കഴിക്കുന്നത് തടയാൻ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി കുടുംബം

മലപ്പുറത്ത് കാമുകനെ വിവാഹം കഴിക്കുന്നത് തടയാൻ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി കുടുംബം. ഒടുവിൽ കാമുകൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിന്മേൽ ഒരു മാസത്തിന് ശേഷം യുവതിക്ക് മോചനം.
27 കാരിയായി സാദികയെയാണ് കുടുംബം ഒരു മാസത്തിലേറെയായി മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്ന ഗഫൂർ ഇകെ ആണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചത്. സാദികയ്ക്ക് ഗഫൂറിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ കോടതി യുവതിയുടെ കുടുംബത്തിനെതിരെയും മാനസികാരോഗ്യകേന്ദ്രത്തിനെതിരെയും കേസെടുക്കണമെന്നും ഉത്തരവിട്ടു.
ബിഡിഎസ് വിദ്യാർത്ഥിനിയാണ് സാദിക. തൃശൂരിലെ ഒരു വ്യവസായിയാണ് ഗഫൂർ. കുടുംബത്തിന്റെ സഹായത്തോടെ സാദികയെ മയക്കികിടത്തിയ ശേഷം മൂന്ന് പേർ ചേർന്നാണ് തന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിചതെന്നും ബോധം വന്ന് കണ്ണ് തുറന്നപ്പോൾ താൻ ആശുപത്രി കിടക്കയിൽ ആയിരുന്നുവെന്നും സാദിക പറഞ്ഞു. ഇടുക്കി പൈങ്കുളത്തെ എസ്എച്ച് ആശുപത്രിയിലാണ് സാദികയെ പ്രവേശിപ്പിച്ചിരുന്നത്.
ഗഫൂർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയെന്നറിഞ്ഞ കുടുംബം സാദികയെ ഇടുക്കിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഡിസംബർ 5നാണ് സാദികയെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്.
അതേസമയം, സാദിക ആത്മഹത്യാ പ്രവണതകൾ കാണിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവും സഹോദരനും പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സാദികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എസ്എച്ച് ആശുപത്രി അഡ്മിൻ സിസ്റ്റർ ജോസി അഗസ്റ്റിൻ പറഞ്ഞു.
Story Highlights- Marriage, Love, highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here