പതിനാല് മാസം പിന്നിടുമ്പോഴും എങ്ങുമെത്താതെ ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം; ഗുരുതര ആരോപണങ്ങളുമായി അച്ഛനും അമ്മയും

വയലിനിസ്റ്റ് ബാലഭാസ്‌കർ മരിച്ചിട്ട് പതിനാല് മാസം പിന്നിടുകയാണ്. നിരവധി ആരാധകരും സുഹൃത്തുക്കളുമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മരണം ഏറെ ചർച്ചകൾക്ക് ശേഷം കെട്ടടങ്ങിയ അവസ്ഥയിലാണ്. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ എത്തുമ്പോൾ നിരവധി സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയാണ് ബാലുവിന്റെ അച്ഛൻ കെ സി ഉണ്ണിയും അമ്മ ശാന്തകുമാരിയും. ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇരുവരും അന്വേഷണത്തിലെ വീഴ്ചകളും സുഹൃത്തുക്കളുടെ ഇടപെടുലുകളിലെ ദുരൂഹത സംബന്ധിച്ചും സംസാരിച്ചത്.
ബാലഭാസ്‌കറിന്റെ മരണത്തിൽ നിരവധി ദുരൂഹതകളുണ്ടെന്ന് മുൻപേ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ കെ സി ഉണ്ണി പരഞ്ഞു. എന്നാൽ പൊലീസോ ക്രൈംബ്രാഞ്ചോ വിശദമായ അന്വേഷണം നടത്താൻ തയ്യാറായില്ല. നിരവധി സുഹൃത്തുക്കളുണ്ട് ബാലുവിന്. ആശുപത്രിയിൽ പ്രകാശ് തമ്പിയുടെ ആധിപത്യമായിരുന്നു. ബാലുവിനെ ഒന്നു കാണണമെങ്കിൽ പോലും അയാളുടെ അനുവാദം ആവശ്യമായി വന്നു. പാലക്കാട് പൂന്തോട്ടത്തിലെ ഡോക്ടറുടേയും ഭാര്യയുടേയും സാന്നിധ്യവും സംശയത്തിനിടയാക്കി. ബാലുവിന്റെ ആധാർ കാർഡ്, പാൻ കാർഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെല്ലാം അവരുടെ കൈവശമാണ്. ഫോണിനെ പറ്റി ചോദിച്ചപ്പോൾ ഏൽപിക്കേണ്ടിടത്ത് കൊടുത്തുവെന്നായിരുന്നു പ്രകാശ് തമ്പിയുടെ മറുപടി. ബാലുവിന്റെ ഫോൺ എവിടെയാണെന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയില്ല. ബാലുവിന് സംഭവിച്ച അപകടം ക്രൈബ്രാഞ്ച് പുനഃരാവിഷ്‌കരിക്കുകയുണ്ടായി. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായില്ല. സോഷ്യൽ മീഡിയ തങ്ങളെ വളരെ മോശമായ രീതിയിലാണ് ചിത്രീകരിച്ചത്. അവന് നീതികിട്ടാൻ മുന്നിട്ടിറങ്ങാൻ തങ്ങൾ മാത്രമേയുള്ളൂ. ബാലുവിന്റെ ഭാര്യ ലക്ഷ്മി പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവരുടെ സ്വാധീനത്തിലായിരുന്നുവെന്നും അച്ഛൻ സി കെ ഉണ്ണി കൂട്ടിച്ചേർത്തു.
മകന്റെ മരണത്തിൽ സുഹൃത്തുക്കളുടെ ഇടപെടൽ സംശയിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരി പറഞ്ഞു. മകൾക്ക് അസുഖമായിരുന്നതിനാൽ ബാലു ആശുപത്രിയിൽ ആയിരുന്ന സമയത്ത് അധികം പോകാൻ സാധിച്ചില്ല. പക്ഷേ അച്ഛൻ ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. താൻ പഠിപ്പിച്ചതും ബാലുവിന്റെ സുഹൃത്തുക്കളുമായ ചിലർ അപകടവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവർ അർജുന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അർജുൻ പൊലീസിനോട് പറഞ്ഞത് കൊല്ലത്തിന് ശേഷം ഡ്രൈവ് ചെയ്തത് ബാലുവാണെന്നായിരുന്നു. എന്നാൽ അടുത്തിടപഴകിയവരോട് അർജുൻ പറഞ്ഞത് മറ്റൊന്നായിരുന്നു. അപടക സമയം താനാണ് വണ്ടിയോടിച്ചതെന്നും പല്ലുവേദനയ്ക്ക് മരുന്ന് കഴിച്ചതിനാൽ മയങ്ങിപ്പോയെന്നും കൈയബദ്ധം സംഭവിച്ചെന്നുമാണ് അർജുൻ പറഞ്ഞതെന്നും ശാന്തകുമാരി വ്യക്തമാക്കി. ഒരുകാലത്ത് ഒരുപാട് ആരാധകർ ബാലുവിന് ഉണ്ടായിരുന്നു. ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അവന് വേണ്ടി മുന്നിട്ടിറങ്ങാൻ ഇന്ന് ആരുമില്ല. ബാലുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങണം. സിബിഐ അന്വേഷണം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശാന്തകുമാരി കൂട്ടിച്ചേർത്തു.
Story highlights- balabhasker death, k c unni, shanthakumari, cbi investigation
read also: ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം; സർക്കാർ ഉത്തരവിറക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here