പൗരത്വ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ

രാജ്യമാകെ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും പൗരത്വ ഭേദഗതി ബില്ല് നിയമമാക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകും. ലോക്‌സഭ പാസാക്കിയ ബില്ല് ഇന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം, ബില്ലിനെതിരെ പരമാവധി വോട്ട് സമാഹരിക്കാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമം തുടങ്ങി. ബിൽ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ പർട്ടികളും രാജ്യസഭ അംഗങ്ങൾക്ക് വിപ്പുനൽകിയിട്ടുണ്ട്.
ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളിൽ പ്രധാനപ്പെട്ടതാണ് പൗരത്വഭേഭഗതി ബിൽ. രാജ്യമാകെ ശക്തമായ പ്രതിഷേധം ഉയരുന്നെങ്കിലും അതിനെ പരിഗണിക്കാതെ ബിൽ നിയമം ആക്കാനാണ് കേന്ദ്രസർക്കാർ തിരുമാനം. ലോക്‌സഭയിൽ പാസാക്കിയ ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ആറു മണിക്കൂർ ചർച്ചയും വോട്ടെടുപ്പുമാണ് അജണ്ട പ്രകാരം ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
നിലവിലുള്ള സാഹചര്യത്തിൽ രാജ്യസഭയിൽ ബിൽ പാസാക്കാൻ വേണ്ട ഭൂരിപക്ഷം ഭരണപക്ഷത്തിന് ഇല്ല. എന്നാൽ ബിൽ രാജ്യസഭ കടത്താനുള്ള പിന്തുണ സർക്കാരിന് മറ്റ് ചെറുപാർട്ടികളിൽ നിന്നു ലഭിക്കും. ബിൽ പാസാവാൻ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിയുടെ 83 സീറ്റടക്കം എൻഡിഎയ്ക്ക് നിലവിൽ 105 അംഗങ്ങളുടെ വോട്ട് ലഭിക്കും. ഇത് കൂടാതെ എഐഎഡിഎംകെ.11, ബിജെഡി.7, വൈഎസ്ആർ കോൺഗ്രസ് 2, ടിഡിപി 2 എന്നീ കക്ഷികളിൽനിന്നായി 22 പേരുടെ പിന്തുണ കൂടി ബില്ലിനനുകൂലമാകാനാണ് സാധ്യത. അതായത് 127 പേരുടെയെങ്കിലും പിന്തുണ ബില്ലിന് ലഭിക്കും.
ശിവസേന അടക്കമുള്ള പാർട്ടികളുടെ കൂടി പിന്തുണ ബില്ലിന് ലഭിച്ചാൽ പിന്തുണയ്ക്കുന്നവരുടെ സംഖ്യ ഇനിയും കൂടും. അതേസമയം സാഹചര്യം എന്ത് തന്നെയായാലും ബില്ല് രാജ്യസഭയിൽ പാസാകാതിരി്ക്കാൻ എല്ലാ ശ്രമവും നടത്താനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം. ഇതിനായി ചെറുകക്ഷികളുമായി ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ബില്ല് രാജ്യസഭയിൽ കൂടി പാസായാൽ രാജ്യമാകെ ബില്ലിന് അനുകൂലമായി പ്രചരണം സംഘടിപ്പിക്കാൻ ബിജെപി ദേശിയ സമിതി തീരുമാനിച്ചു. ബില്ല് ദേശിയതയെ സംരക്ഷിക്കാനും ഇന്ത്യയെ അനധിക്യത കുടിയേറ്റ വിമുക്തമാക്കാനുമാണെന്ന പ്രചരണമാകും നടത്തുക. രാജ്യസഭ ബില്ല് ഇന്ന് ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Story Highlights- Rajyasabha, Citizenship bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here