ചുട്ടുപൊള്ളി ഓസ്‌ട്രേലിയ; ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് അടുത്തയാഴ്ച സാക്ഷ്യം വഹിക്കും

ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് അടുത്തയാഴ്ച ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. നിലവിൽ 40ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഓസ്‌ട്രേലിയയിലെ ശരാശരി താപനില.
തെക്കൻ ഓസ്‌ട്രേലിയൻ നഗരമായ ഓഡനാഡറ്റിൽ 1960 ജനുവരി 2ന് രേഖപ്പെടുത്തിയ 50.7 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന താപനില. ബുധനാഴ്ച മുതൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പല നഗരങ്ങളിലെയും ശരാശരി താപനില. അടുത്ത ആഴ്ചയോടെ ഇത് നിലവിലെ റെക്കോർഡ് ഭേദിക്കാൻ സാധ്യതയുണ്ടെന്നാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം.
പുതുതായി രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ക്വീൻസ്ലാന്റിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും കാട്ടുതീ മുന്നറിയിപ്പും നിലവിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രൂപം കൊണ്ട കാട്ടുതീ അണക്കാനുള്ള ശ്രമങ്ങളെ കനത്ത ചൂട് പ്രതികൂലമായി ബാധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here