മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക

മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അനുസരിച്ച് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടം തയാറാവണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ എംബസി അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് വാഷിംഗ്ടണിൽ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരമുള്ള തുല്യ പരിഗണനയും രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് നിർദേശമുണ്ട്. ഇന്ത്യയിലെ അമേരിക്കൻ എംബസിയാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പൗരത്വ ഭേദഗതി ബില്ലിന് അനുമതി നൽകിയ പാർലമെന്റ് നടപടികൾക്കു പിന്നാലെ രാജ്യത്തിന്റെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here