എബി ഡിവില്ല്യേഴ്സ് ടി-20 ലോകകപ്പിൽ കളിച്ചേക്കും; സൂചന നൽകി മാർക്ക് ബൗച്ചർ

ദേശീയ ടീമിൽ നിന്നു വിരമിച്ച എബി ഡിവില്ല്യേഴ്സ് അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന സൂചന നൽകി ടീമിൻ്റെ പുതിയ പരിശീലകനും മുൻ ദേശീയ ടീം വിക്കറ്റ് കീപ്പറുമായ മാർക്ക് ബൗച്ചർ. വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരികെ വരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് ബൗച്ചർ വെളിപ്പെടുത്തിയത്.
നമ്മള് ലോകകപ്പിന് പോകുമ്പോള്‍ മികച്ച ടീമും മികച്ച താരങ്ങളും ഒപ്പം വേണം. നിലവിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് എ ബി ഡിവില്ലിയേഴ്സ്. അതിനാല്‍ത്തന്നെ വിരമിക്കല്‍ തീരുമാനം പിന്‍വലിപ്പിച്ച് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായി ചുരുങ്ങിയ ദിവസമേ ആയുള്ളു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കാനാണ് തീരുമാനം. -ബൗച്ചര്‍ പറഞ്ഞു.
എന്നാൽ വിരമിച്ചതിനു ശേഷം ലോകകപ്പിനായുള്ള ദേശീയ ടീമിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച ഡിവില്ല്യേഴ്സിനെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തഴഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബൗച്ചറിൻ്റെ ഈ തീരുമാനത്തിനെ എങ്ങനെയാണ് ക്രിക്കറ്റ് ബോർഡ് കാണുക എന്നത് നിർണ്ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here