രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം: മുഖ്യമന്ത്രി

രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയ്ക്ക് എതിരാണ് നിയമം. ഭരണഘടനയെ തകര്‍ക്കാനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. മതനിരപേക്ഷത സംരക്ഷിക്കുകയെന്ന സ്വരമാണ് കേരളത്തില്‍ നിന്ന് ഉയരുന്നത്. മതങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്ത ജാതികളുടെയും വൈവിധ്യങ്ങള്‍ക്കിടയിലും തങ്ങള്‍ക്ക് പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ ഉണ്ടെന്ന തിരിച്ചറില്‍ നിന്നാണ് ആധുനിക ഇന്ത്യ രൂപപ്പെടുന്നത്.
ഇന്ത്യ എന്ന രാജ്യ സങ്കല്‍പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്. എത്രയോ ജനവിഭാഗങ്ങള്‍ ഈ സംസ്‌കാരത്തിന്റെ ധാരയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായി നാട് മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക -കലാ – സാഹിത്യ രംഗത്തെ പ്രമുഖരും ഉച്ചവരെ നീളുന്ന സത്യഗ്രഹത്തിന്റെ ഭാഗമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here