ഇരുപത് ഇന്ത്യക്കാരടങ്ങിയ വാണിജ്യ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

ആഫ്രിക്കയുടെ പടിഞ്ഞാറന്‍ കടലില്‍ ഇരുപത് ഇന്ത്യക്കാരടങ്ങിയ വാണിജ്യ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എംടി ഡ്യൂക്ക് എന്ന കപ്പലാണ് റാഞ്ചിയത്. സംഭവത്തില്‍ നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രം സര്‍ക്കാറുമായി ബന്ധപ്പെട്ടുവരുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ടോഗോയുടെ തലസ്ഥാനമായ ലോമില്‍ നിന്ന് 213 കിലോമീറ്റര്‍ വടക്കുകിഴക്ക് വച്ചാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. മാര്‍ഷല്‍ ഐലന്റിന്റെ പതാകയുള്ള ഡ്യൂക്ക് എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ ഇരുപത് കപ്പല്‍ ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കി.
അംഗോളയില്‍ നിന്ന് ലോമിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന കപ്പലാണ് റാഞ്ചിയത്. കൊള്ളക്കാര്‍ കപ്പല്‍ ആക്രമിക്കുകയും തട്ടിയെടുക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ യൂണിയന്‍ മാരിടൈം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൈജീരിയക്ക് പുറമെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കടലിലും ഗിനിയ കടലിടുക്കിലുമായി അടുത്തിടെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം വര്‍ധിച്ചു വരികയാണ്.
ഡിസംബര്‍ അഞ്ചിനും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 19 ജീവനക്കാരുള്ള ഫ്രഞ്ച് കമ്പനിയുടെ ഓയില്‍ ടാങ്കര്‍ ആണ് അന്ന് കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here