പൊലീസ് സേനയിലെ എല്ലാ പരീക്ഷകൾക്കും ഇനി മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

പൊലീസ് സേനയിലെ എല്ലാ പരീക്ഷകൾക്കും ഇനി മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പിഎസ്‌സി പരീക്ഷാ വിവാദങ്ങളുടെയും, സർവകലാശാല പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് നടപടി.
ജനറൽ ഹെഡ്‌കോൺസ്റ്റബിൾ പരീക്ഷ, ഹവീൽദാർ സ്ഥാനക്കയറ്റ പരീക്ഷ, നിർബന്ധിത പരീക്ഷകൾ തുടങ്ങി പൊലീസ് സേനയ്ക്കുള്ളിള്ളിലെ പരീക്ഷകൾക്ക് നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാനാണ് തീരുമാനം. പൊലീസ് വകുപ്പ് പരീക്ഷകളുടെ ചോദ്യങ്ങളുണ്ടാക്കുന്നതും, പരീക്ഷ നടത്തുന്നതും , മാർക്ക് നിർണ്ണയിക്കുന്നതും സേനയിലെ തന്നെ ഉദ്യോഗസ്ഥനാണ്. പൊലീസ് പരീക്ഷാ നടത്തിപ്പിലും ക്രമക്കേടുകളുണ്ടെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു.
Read Also : സംഘർഷത്തിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരെന്ന് ഡൽഹി പൊലീസ്; അന്വേഷണം എൻഐഎക്ക്
പരീക്ഷാ ഹാളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ക്രമക്കേടുകൾ തടയണമെന്നും, പരീക്ഷാ ലിസ്റ്റിന്റെ കാലാവധി തീരും വരെ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് സൂക്ഷിക്കണമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് മേധാവിയുടെ ശുപാർശ.ഇതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കി ഡി.ജി.പി ഉത്തരവിറക്കിയത്. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലും, തൃശ്ശൂർ പോലീസ് അക്കാദമിയിലും സ്ഥിരം ക്യാമറകൾ സ്ഥാപിക്കും. മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ താത്കാലിക ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. പോലീസിന്റെ ശാരീരിക ക്ഷമതാ പരീക്ഷകളും, ക്രൈം ബ്രാഞ്ച് യോഗ്യത പ്രവേശന പരീക്ഷയും മാത്രമാണ് നിലവിൽ ക്യാമറാ നിരീക്ഷണത്തിൽ നടത്തുന്നത്.
Story Highlights- Police, Exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here