കാർത്തിക് പോര; കൊൽക്കത്തയുടെ നായകനായി ഗിൽ വരണമെന്ന് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നായകനായി യുവതാരം ശുഭ്മൻ ഗില്ലിനെ പരിഗണിക്കണമെന്ന് മുൻ നായകനും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. നായകനായുള്ള കാർത്തികിൻ്റെ പ്രകടനം പോരെന്നും ആ സ്ഥാനത്ത് ഗില്ലിനെ പരിഗണിച്ചാൽ മികച്ച പ്രകടനം കാണാനാവുമെന്നും ഗംഭീർ പറഞ്ഞു.
ടീമിൻ്റെ ഭാവി കൂടി പരിഗണിച്ചാണ് താൻ ഇത്തരത്തിൽ ഒരു അഭിപ്രായം പറയുന്നതെന്ന് ഗംഭീർ വിശദീകരിച്ചു. ക്യാപ്റ്റനായി ഗിൽ എത്തിയാൽ കളിക്കളത്തിൽ പുതിയ പുതിയ ആശയങ്ങൾ കാണാനാവുമെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. “ടീമിൽ ഒരുപാട് ക്യാപ്റ്റൻസി ഓപ്ഷനുകളില്ല. ഞാൻ ശുഭ്മൻ ഗില്ലിനൊപ്പമാണ്. ഞാനൊരു യുവതാരത്തിനൊപ്പമാണ്. രണ്ട് വർഷമായിട്ട് കാർത്തിക് പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുന്നില്ല. ശുഭ്മൻ ഗില്ലിനെ പരീക്ഷിക്കൂ. പുതിയ ചിന്തകളും മത്സരഫലങ്ങളും ഉണ്ടാവും.”- ഗംഭീർ പറഞ്ഞു.
ഗൗതം ഗംഭീറിനു പകരമായി 2018 സീസണിലാണ് കാർത്തിക് കൊൽക്കത്തയിലെത്തുന്നത്. തുടർന്നുള്ള രണ്ട് സീസണുകളിലും കൊൽക്കത്തയെ നയിച്ചത് കാർത്തിക് ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here