കശ്മീരിൽ ഇന്റർനെറ്റ് ഇല്ലാതായിട്ട് 135 ദിവസം; ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നീണ്ട കാലയളവ്

ആർട്ടിക്കിൾ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് ബന്ധം വിഛേദിച്ചിട്ട് ഇന്ന് 135 ദിവസം തികയുന്നു. ഇത് ലോക ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും സുദീർഘമായ ഇൻ്റർനെറ്റ് ബ്ലാക്കൗട്ടാണെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഇൻ്റർനെറ്റ് ബ്ലാക്കൗട്ടുകളെപ്പറ്റി പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ആക്സസ് നൗവിനെ ഉദ്ധരിച്ചാണ് വാഷിംഗ്ടൺ പോസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനാധിപത്യ ഭരണ സംവിധാനങ്ങളില്ലാത്ത ചൈനയിലും മ്യാന്മറിലും മാത്രമാണ് ഇതിനെക്കാൾ നീണ്ട കാലയളവിൽ ഇൻ്റർനെറ്റ് ബന്ധം വിഛേദിച്ചിരിക്കുന്നത്.
എല്ലാ ദിവസവും പുലർച്ചെ 8.15ന് ശ്രീനഗറിൽ നിന്ന് കശ്മീർ താഴ്വരക്ക് പുറത്തേക്ക് ഷട്ടിൽ സർവീസ് നടത്തുന്ന ട്രെയിനാണ് ഇൻ്റർനെറ്റ് ഉപയോഗിക്കാനുള്ള കശ്മീരി ജനതയുടെ ആശ്രയം. താഴ്വരയുടെ പുറത്തെത്തി ഏതെങ്കിലും ഇൻ്റർനെറ്റ് കഫേകളിൽ ചെന്നാണ് അവർ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്. ചലിക്കാൻ പോലും കഴിയാത്ത തരത്തിൽ ട്രെയിൻ തിങ്ങി നിറഞ്ഞാണ് ഓരോ ദിവസവും ശ്രീനഗറിൽ നിന്ന് യാത്ര തിരിക്കുന്നത്. ഇൻ്റർനെറ്റ് എക്സ്പ്രസ് എന്നാണ് അവർ ട്രെയിനെ വിളിക്കുന്നത്. ജമ്മു ബോർഡറിനോട് ചേർന്ന ബാനിഹാളിലാണ് കശ്മീരികൾക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിൽ ഇൻ്റർനെറ്റ് സംവിധാനം ഉള്ളത്.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിൽ ഇന്ത്യ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. കശ്മീരിൽ ഇൻ്റർനെറ്റ് ബന്ധം പുനസ്ഥാപിച്ചുവെന്നും സ്ഥിതിഗതികൾ സമാധാനപരമാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വാർത്തകൾ അത്തരത്തിലല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചില ലാൻഡ്ഫോണുകളും മൊബൈൽ ഫോണുകളും പ്രവർത്തനം പുനരാരംഭിച്ചുവെങ്കിലും ഇപ്പോഴും ഇൻ്റർനെറ്റ് സംവിധാനം അവിടെ പുനസ്ഥാപിച്ചിട്ടില്ല.
കശ്മീർ ജനതയാകമാനം വാട്സപ്പിൽ നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിവിശേഷവും ഇതോടെ ഉണ്ടായിരിക്കുകയാണ്. 120 ദിവസത്തിനു മുകളിൽ ഒരു അക്കൗണ്ട് പ്രവർത്തനരഹിതമായാൽ ആ അകൗണ്ട് വാട്സപ്പ് സസ്പൻഡ് ചെയ്യും. അതുകൊണ്ട് തന്നെ കശ്മീർ ജനതയുടെ വാട്സപ്പ് അക്കൗണ്ടുകളെല്ലാം തന്നെ ഇപ്പോൾ മരവിപ്പിച്ച നിലയിലാണ്. ഡിസംബർ ആദ്യ വാരം മുതൽക്കു തന്നെ അവരുടെ വാട്സപ്പ് അക്കൗണ്ടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. 10 കമ്പ്യൂട്ടറുകൾ മാത്രമുള്ള ഒരു സർക്കാർ സംവിധാനത്തിലാണ് മാധ്യമപ്രവർത്തകർ തങ്ങളുടെ റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നത്.
Story Highlights: Internet Ban, Jammu Kashmir, Article 370
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here