പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ മുൻകരുതൽ; നോർത്തീസ്റ്റ്-ബെംഗളൂരു മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ മുൻകരുതലായി നോർത്തീസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്സിയും തമ്മിലുള്ള ഐഎസ്എൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് അധികൃതർ. അസമിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടത്തുന്ന നോർത്തീസ്റ്റിൻ്റെ ഹോം മത്സരമാണ് അടച്ചിട്ട് നടത്താൻ അധികൃതർ തീരുമാനിച്ചത്.
നാളെ രാത്രി 7.30നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് മത്സരം ഉച്ചക്ക് നടത്തിയേക്കുമെന്നും സൂചനയുണ്ട്. അതേ സമയം വൈകിട്ട് 5.50ന് പ്രീമാച്ച് ഷോ തുടങ്ങുമെന്നാണ് സ്റ്റാർ സ്പോർട്സ് പറയുന്നത്. താരങ്ങളുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനവും. കഴിഞ്ഞ ചെന്നൈയിനുമായുള്ള നോർത്തീസ്റ്റിൻ്റെ മത്സരം മാറ്റി വെച്ചിരുന്നു. ബെംഗളൂരുവുമായുള്ള മത്സരവും മാറ്റി വെച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ ഉച്ചക്ക് മത്സരം നടത്തുമെന്ന് അധികൃതർ അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ജാമിഅ മില്ലിയ, അലിഗഡ് യൂണിവേഴ്സിറ്റി, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, യുപി നദ്‌വ കോളജ്, ബനാറസ് കോളജ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത പ്രതിഷേധം നടക്കുകയാണ്. കേരളത്തിലും വിവിധ ഇടങ്ങളിൽ കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനം പ്രതികരിച്ചു.
ജാമിഅ മില്ലിയ ക്യാമ്പസിൽ അതിക്രമിച്ചു കയറിയ ഡൽഹി പൊലീസ് പെൺകുട്ടികളടക്കമുള്ളവരെ മർദ്ദിക്കുകയും 67 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവരെ പൊലീസ് വിട്ടയച്ചു. എങ്കിലും സർവകലാശാലകളിൽ വീണ്ടും പൊലീസ് നടപടി തുടർന്നു. അഭിനേതാക്കളും കായികതാരങ്ങളുമടക്കം ഒട്ടേറെ ആളുകൾ പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here