Advertisement

കൈത്തറി യൂണിഫോം നെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിച്ചു

December 17, 2019
0 minutes Read

സൗജന്യ കൈത്തറി യൂണിഫോം നെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസവേതനത്തില്‍ 170 രൂപ മുതല്‍ 186 രൂപയുടെ വരെ വര്‍ധനവുണ്ടാകും. ഷര്‍ട്ടിംഗ് തുണി നെയ്യുന്ന തൊഴിലാളിക്ക് ദിവസം 170.28 രൂപ കൂലിയില്‍ വര്‍ധനയുണ്ടാകും. 25 ദിവസം തൊഴിലെടുക്കുന്നത് കണക്കാക്കിയാല്‍ മാസം 4257 രൂപ കൂലിയിനത്തില്‍ അധികമായി ലഭിക്കും. സ്യുട്ടിംഗ് തുണി നെയ്യുന്ന തൊഴിലാളിക്ക് ദിവസം 185.94 രൂപ വര്‍ധിക്കുന്നത് കണക്കാക്കിയാല്‍ മാസം 4648 രൂപ അധികമായി ലഭിക്കും.

നിലവില്‍ ഒരു മീറ്റര്‍ ഷര്‍ട്ടിംഗ് തുണി നെയ്യുന്നതിനുള്ള കൂലി 45.58 രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം ഇത് 56.98 രൂപയാകും. ഒരു മീറ്റര്‍ നെയ്യുമ്പോള്‍ ഈ തുകയ്‌ക്കൊപ്പം പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ വിഹിതം ഉള്‍പ്പെടെ ലഭിക്കുന്ന തുക 98.98 രൂപയാകും. സ്യൂട്ടിംഗ് തുണിത്തരങ്ങള്‍ നെയ്യുന്നതിന് 54.82 രൂപയായിരുന്നത് 68.53 ആയി വര്‍ധിക്കും. വിവിധ വിഹിതങ്ങള്‍ കൂടി ചേരുമ്പോള്‍ ഒരു മീറ്റര്‍ നെയ്താല്‍ ലഭിക്കുന്ന തുക 118.33 രൂപയാകും.

തുണി നെയ്യുന്നതിനുള്ള നൂല് പാകപ്പെടുത്തിയെടുക്കുന്ന തൊഴില്‍ (നല്ലി ചുറ്റല്‍) ചെയ്യുന്നവര്‍ക്കുള്ള കൂലിയിലും വര്‍ധനവുണ്ട്. ഷര്‍ട്ടിംഗിനായുള്ള വലിയ നല്ലി ചുറ്റുന്നതിന് നിലവില്‍ 15.37 രൂപയായിരുന്നു. ഇത് 19.21 രൂപയാകും. സ്യൂട്ടിംഗിന് 17.96 രൂപയെന്നത് 22.45 രൂപയാകും. ചെറിയ നെല്ലി ചുറ്റല്‍, പാവോട്ടം, പാവ് ചേര്‍ക്കല്‍ തുടങ്ങിയവയ്ക്കുള്ള കൂലിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ കൂലി പ്രകാരം ദിവസം ആറു മീറ്റര്‍ വരെ ഷര്‍ട്ടിംഗ് തുണി നെയ്യുന്ന തൊഴിലാളിക്ക് മാസം 14847 രൂപയും സ്യൂട്ടിംഗ് നെയ്യുന്ന തൊഴിലാളിക്ക് 17750 രൂപയും ലഭിക്കും. കൈത്തറി തൊഴിലാളിക്ക് നല്‍കി വരുന്ന ഉത്പാദന ഇന്‍സന്റീവിന് പുറമെയാണിത്. പ്രതിസന്ധിയിലായിരുന്ന ഈ പരമ്പരാഗത വ്യവസായ മേഖലയെ കൈപിടിച്ചുയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. മൂന്ന് വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 70 ലക്ഷം മീറ്റര്‍ തുണി പദ്ധതി പ്രകാരം വിതരണം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top