Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; വൈക്കത്ത് ബിജെപിക്ക് അട്ടിമറി വിജയം

December 18, 2019
1 minute Read

സംസ്ഥാനത്ത് 28 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 14 വാർഡുകളുണ്ടായിരുന്ന എൽഡിഎഫ് 13 സീറ്റിൽ വിജയിച്ചപ്പോൾ 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 12 വാർഡിൽ ജയിച്ചു. കേരള കോൺഗ്രസ് ചിഹ്ന തർക്കത്തിലൂടെ ശ്രദ്ധേയമായ കോട്ടയം അകലൂക്കുന്ന് പഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡിൽ ജോസ് കെ മാണി പക്ഷം ജയിച്ചു. വൈക്കം നഗരസഭയിലെ എൽഎഫ് ചർച്ച് വാർഡിൽ ബിജെപിയും കാസർഗോഡ് നഗരസഭയിലെ ഹൊന്ന മൂല വാർഡിൽ എൽഡിഎഫും അട്ടിമറി ജയം നേടി.

പത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 28 വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കേരള കോൺഗ്രസിലെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ മത്സരിച്ച കോട്ടയം അകലൂക്കുന്ന് പൂവത്തിളപ്പ് വാർഡിൽ ജോസ് പക്ഷത്തെ ജോർജ് തോമസ് ജയിച്ചു. രണ്ടിലയിൽ മത്സരിച്ച ജോസഫ് പക്ഷത്തെ ബിപിൻ തോമസ് രണ്ടാമതെത്തിയപ്പോൾ സിപിഐഎം സ്ഥാനാർത്ഥിക്ക് 29 വോട്ടേ നേടാനായുള്ളൂ. കാസർഗോട്ടെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം വാർഡിലും ജോസ് കെ മാണി പക്ഷത്തിനാണ് ജയം. കാസർഗോഡ് നഗരസഭയിലെ ഹൊന്ന മൂലയിൽ എൽഡിഎഫ് സ്വതന്ത്രൻ സി മൊയ്തീൻ അട്ടിമറി ജയം തേടി.

പത്തനംതിട്ടയിലും ആലപ്പുഴയിലും എൽഡിഎഫ്, യുഡിഎഫ് വാർഡുകൾ പിടിച്ചെടുത്തു. എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഓരോ വാർഡുകൾ യുഡിഎഫും പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും, ബിജെപിയുടെ ഒരു സീറ്റ് യുഡിഎഫും പിടിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രൻ ജയിച്ച ഒരു സീറ്റും യുഡിഎഫിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനുളള അംഗീകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പത്തനംതിട്ടയിൽ കടപ്ര പഞ്ചായത്ത് ഷുഗർ ഫാക്ടറി രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ നിർമലയും, കോന്നിയിലെ എലിയറയ്ക്കലിൽ യുഡിഎഫിലെ ലീലാമണിയും വിജയിച്ചു. ആലപ്പുഴയിലെ പത്തിയൂർ കരുവറ്റുംകുഴിയിൽ സിപിഐഎമ്മിലെ കെ ബി പ്രശാന്തും ദേവികുളങ്ങര കുമ്പിളിശ്ശേരിയിൽ യുഡിഎഫിലെ സുധാ രാജീവും ജയിച്ചു. അരൂക്കുറ്റി ഹൈസ്‌കൂൾ വാർഡിൽ എൽഡിഎഫിലെ ഒ കെ ബഷീറും പുളിങ്കുന്ന് ചതുർത്യാകരിയിൽ യുഡിഎഫിലെ ബി മോഹനദാസും വിജയിച്ചു.

പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ എൽഡിഎഫും യുഡിഎഫും ഓരോ സീറ്റ് നിലനിർത്തി. ഒറ്റപ്പാലം നഗരസഭ മൂന്നാം വാർഡിൽ എൽഡിഎഫിലെ പി ആർ ശോഭനക്കും ഷൊർണൂർ നഗരസഭ 11 വാർഡിൽ യുഡിഎഫിലെ ടി സീനക്കുമാണ് ജയം. വയനാട്ടിലെ വെങ്ങപ്പള്ളി കോക്കുഴി വാർഡിൽ എൽഡിഎഫിലെ ബാലൻ മാവിലോട് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

കണ്ണൂരിലെ രാമന്തളി ഏഴിമല വാർഡിൽ എൽഡിഎഫിലെ വി പ്രമോദും കോർപറേഷനിലെ എടക്കാട് ഡിവിഷനിൽ ടി പ്രശാന്തും ജയിച്ചു. തലശേരി നഗരസഭ ടെമ്പിൾവാർഡിൽ മുസ്ലീംലീഗിലെ എ കെ സക്കരിയ ജയിച്ചു.

മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തിൽ തോട്ടുവയിൽ യുഡിഎഫിലെ ബിജു കണിയാൻകുടിയും
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് യുഡിഎഫിലെ ആർ റീത്തയും ജയിച്ചു. കോഴിക്കോട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ നാലിടത്ത് എൽഡിഎഫ് ജയിച്ചു. തൃശൂരിലെ മാടക്കത്തറ പൊങ്ങണംകാട് 16ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ കെ സത്യനും മുല്ലശേരി താണവീഥി എട്ടാം വാർഡിൽ ബിജെപിയിലെ പ്രവീണും ജയിച്ചു. കോട്ടയം ജില്ലയിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ഓരോ വാർഡുകളിൽ ജയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top