എൻഐഎയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും എയർ ഗണ്ണുകളും പിടിച്ചെടുത്തു.
എൻഐഎയുടെ വ്യാജ തിരിച്ചറിയൽ രേഖയുമായി ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവരികെയാണ് നദീമിനെ പൊലീസ് പിടികൂടിയത്. ഹോട്ടലിൽ താമസിച്ചിരുന്ന ഇയാളുടെ മുറിയിൽ കഴിഞ്ഞ ദിവസം ചില സുഹൃത്തുക്കൾ എത്തിയിരുന്നു. ഇവരിലൊരാൾ തന്റെ സാധനങ്ങൾ മോഷ്ടിച്ചുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും നദീം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങൾ കൈമാറാൻ കഴിയൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഈ സമയം താൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് മൊബൈലിൽ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ കാണിച്ചു. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മുളവുകാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും കണ്ടെത്തി. ഒരു എയർ ഗണ്ണും എയർ പിസ്റ്റളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എൻഐഎ ഉദ്യോഗസ്ഥർ എത്തി നദീമിനെ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
story highlights- NIA, fake identity card, arrest, muhannad nadeem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here