പൗരത്വ നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ തീരുമാനം. ജനുവരി രണ്ടാം വാരം ഈ ഹർജികൾ വീണ്ടും പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. അതേസമയം, നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് വാദം കേട്ടത്.
നിയമം പാസാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
അതേസമയം, ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയത് വിജയമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രം കോടതിയിൽ മറുപടി പറയേണ്ടി വരും. നിയമം പ്രാബല്യത്തിൽ വരാത്തതിനാലാണ് സ്റ്റേ നൽകാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, ഡിഎംകെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹർജി സമർപ്പിച്ചിട്ടുണ്ട്. ഒരു സമുദായത്തോട് മാത്രം കേന്ദ്രസർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്ന് പ്രതിപക്ഷം ഹർജിയിൽ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here