ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍ അനുവദിച്ചത് 26 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍ അനുവദിച്ചത് 26 ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സര്‍ക്കാര്‍ കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഉപയോഗ ശൂന്യമായതിനാല്‍ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ടൂറിസം വകുപ്പാണ് പ്രവര്‍ത്തികളുടെ മേല്‍നോട്ടം നിര്‍വഹിച്ചത്.
നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ പദ്ധതി തുക. സിപിഐഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിനാണ് കരാര്‍ നല്‍കിയത്. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേല്‍നോട്ടം ടൂറിസം വകുപ്പിനാണ് നല്‍കിയത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. നിര്‍മാണഘട്ടത്തില്‍ കുളം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here