സൂര്യഗ്രഹണം: 26 ന് ശബരിമല നാല് മണിക്കൂർ അടച്ചിടും

സൂര്യഗ്രഹണം നടക്കുന്ന 26 ന് ശബരിമല നാല് മണിക്കൂർ അടച്ചിടും. രാവിലെ 7.30 മുതൽ 11.30 വരെയാണ് നട അടച്ചിടുക. അന്നേ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ് നട തുറക്കുന്നത്. 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം നടക്കും. തുടർന്ന് ഉഷപൂജയ്ക്ക് ശേഷം 7.30 ന് നട അടയ്ക്കും. മാളികപ്പുറം, പമ്പ ക്ഷേത്രങ്ങളിലും നാല് മണിക്കൂർ നട അടച്ചിടും.
26 ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം. ഇതിന് ശേഷം 11.30 ഓടെ നട തുറക്കും. തുടന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. അതിന് ശേഷം ഒരു മണിക്കൂർ നെയ്യാഭിഷേകം. കളഭാഭിഷേകത്തിന് ശേഷം ഉച്ചപൂജ. അത് കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ച് മണിക്കായിരിക്കും നട തുടക്കുക.
തങ്കയങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ വൈകിട്ട് 5.30 ഓടെ നടയിലെത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. ആറ് മണിക്ക് തങ്കയങ്കി ഘോഷയാത്രക്ക് ശരംകുത്തിയിൽ ആചാരപൂർവമുള്ള സ്വീകരണം നടക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടുവരുന്ന തങ്കയങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ആനയിക്കും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം രാത്രി 9.30 ന് അത്താഴപൂജയും തുടർന്ന് 10.50 ഓടെ ഹരിവരാസനം പാടി പതിനൊന്ന് മണിക്ക് നട അടയ്ക്കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here