പാലക്കാട് നഗരസഭയിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കീറിയെറിഞ്ഞു; പ്രതിഷേധ പ്രകടനവുമായി പാർട്ടികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പാലക്കാട് നഗരസഭക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാതെ കൗൺസിൽ ചേരേണ്ടന്ന നിലപാടിലാണ് പ്രതിപക്ഷമായ യുഡിഎഫും എൽഡിഎഫും.
സിപിഐഎമ്മായിരുന്നു ആദ്യം നഗരത്തിലേക്ക് പ്രതിഷേധം നടത്തിയത്. പിന്നീട് ബിജെപിയും യുഡിഎഫും പ്രകടനവുമായെത്തി. നഗരസഭക്ക് അധികാരമില്ലാത്ത കാര്യത്തിലാണ് സിപിഐഎം പ്രമേയവുമായി വന്നതെന്ന നിലപാടിലാണ് ബിജെപി. മറ്റ് പല വിഷയങ്ങളിലും പ്രമേയം അവതരിപ്പിച്ചിട്ടുള്ള ബിജെപിക്കാർ പൗരത്വ ബില്ലിൽ മാത്രം വിയോജിപ്പ് കാണിക്കുന്നതെന്തിന് എന്ന മറുചോദ്യമാണ് യുഡിഎഫ് ഉയർത്തുന്നത്.
അതേസമയം, നഗരസഭാധ്യക്ഷയടക്കമുള്ളവരെ പ്രതിപക്ഷ കൗൺസിലർമാർ ആക്രമിച്ചുവെന്ന് ആരോപിച്ച് ബിജെപിയും, കൗൺസിലർമാരെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം വരും ദിവസങ്ങളിലും പാലക്കാട് നഗരത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായി.
ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎം കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയാങ്കളിയുണ്ടായത്. സിപിഐഎം പ്രമേയത്തെ അനുകൂലിച്ച് യുഡിഎഫ് രംഗത്ത് വന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കൗൺസിലർ എൻ ശിവരാജൻ പ്രമേയം വലിച്ച് കീറിയതോടെ കൈയാങ്കളി തുടങ്ങുകയായിരുന്നു.
caa, palakkad municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here