Advertisement

വാർത്തയ്ക്ക് വിലങ്ങ് വയ്ക്കുമ്പോൾ…. അടിയന്തരാവസ്ഥയുടെ ഓർമപ്പെടുത്തൽ

December 20, 2019
2 minutes Read

മാധ്യമ പ്രവർത്തകർക്കുനേരെ കൈചൂണ്ടിയ മംഗലാപുരത്തെ പൊലീസും അവരെ നയിക്കുന്ന ഭരണകൂടവും മറന്നുപോവുന്ന ഒരു കാര്യമുണ്ട്, അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ മാധ്യമവേട്ടയ്ക്ക് എന്ത് സംഭവിച്ചുവെന്നത്….അവർ അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെടാൻ ഒന്നരവർഷമേ വേണ്ടിവന്നുള്ളു.

അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിയെ സന്ദർശിച്ച പ്രമുഖ പത്രവർത്തകൻ കുൽദീപ് നയാറോട് അവർ തുറന്ന് പറഞ്ഞു. ‘മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയതാണ് എന്റെ വൻ പരാജയത്തിന് കാരണമായത്, സ്തുതിപാഠകരുടെ നടുവിൽ ജനകീയ പ്രശ്‌നങ്ങൾ അറിയാതെപോയി. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു.’ പിന്നീടൊരിക്കലും മാധ്യമങ്ങളെ തൊടാൻ ഇന്ദിരാഗാന്ധി ധൈര്യപ്പെട്ടിട്ടില്ല.

ഇതൊരു ഓർമപ്പെടുത്തലാണ്. സാമൂഹ്യ മാധ്യമങ്ങളും ഇന്റർനെറ്റും കട്ട് ചെയ്തും മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തും മറ്റൊരു അടിയന്തരാവസ്ഥയുടെ കാഹളം മുഴങ്ങുകയാണോ ? അതുകൊണ്ട് ജനരോഷം തടയാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടൽ തെറ്റും. വാളിനേക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്കെന്ന് ഭരണകൂടവും തോക്കേന്തുന്നവരും മനസിലാക്കേണ്ടിവരും.

കുത്തിക്കീറുന്ന ആക്ഷേപഹാസ്യത്തിലൂടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ വിമർശിച്ചിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് ശങ്കർ അടക്കമുള്ള മാധ്യമ പ്രവർത്തകർ. കാർട്ടൂണുകളിൽ തന്നെ വിമർശിക്കാതിരുന്നാൽ നെഹ്രു പറയുമായിരുന്നു ‘എന്നെ വെറുതെ വിടല്ലേ ശങ്കർ’. ( Dont spare me shankar ) ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു നെഹ്രുവിന്. ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥാ കാലത്ത് ഇല്ലാതെ പോയതും ഈ അറിവാണ്.

കോൺഗ്രസ് ഭരണംമാറി അധികാരത്തിൽ വന്ന ബിജെപി സർക്കാരും ചരിത്രം മറക്കുന്നു. അമേരിക്കയിൽ മാധ്യമ സ്വാതന്ത്ര്യം മൗലിക അവകാശമാണ്. ഇന്ത്യൻ ഭരണഘടനയിൽ സംസാര സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ സ്വാതന്ത്ര്യവും കൂട്ടിവായിക്കാനാണ് കോടതികൾ 1951ൽ വിധി പ്രഖ്യാപിച്ചത്.

മംഗലാപുരത്ത് പൊലീസ് കമ്മീഷണറും സംഘവും കൈചൂണ്ടിയത് ഈ മൗലികാവകാശത്തിന് നേർക്കാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാൻ ഒരു ഭരണകൂടത്തിനും അധികാരമില്ല എന്ന ശക്തിയാണ് മാധ്യമ പ്രവർത്തകരുടെ ഊർജം.

പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതരായി  മംഗലാപുരത്ത് നിന്ന് കേരള അതിർത്തിയിൽ എത്തിയ മാധ്യമ പ്രവർത്തകർക്ക് ലഭിച്ച ജനകീയ സ്വീകരണം ഒരു പ്രതീകമാണ്. കേരളമെമ്പാടും മാധ്യമ പ്രവർത്തകരും ജനങ്ങളും തെരുവിലിറങ്ങിയത് സൂചനയാണ്.

ഇന്ത്യയെന്ന സങ്കൽപത്തിന് മുറിവേൽക്കുമ്പോൾ രാഷ്ട്രീയവും മതവും ജാതിയുമെല്ലാം മറന്ന് തെരുവിലിറങ്ങുന്ന സാധാരണക്കാരോടൊപ്പം എഴുത്തുകാരും കലാകാരന്മാരും ഒക്കെ ഉണ്ടാകും. ജനതയുടെ ആത്മാവിഷ്‌കാരവും സ്വാതന്ത്ര്യവും ഉയർത്തിക്കാട്ടാൻ മാധ്യമപ്രവർത്തകരും ഉണ്ടാകും. തോക്കുകൊണ്ടും ലാത്തികൊണ്ടും അവരുടെ ആത്മവീര്യത്തെ തകർക്കാനാവില്ല. സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടതും തകർന്ന് വീണതും ആയിരങ്ങളുടെയും ആശയങ്ങളുടെയും കരുത്തിലാണ്. കാലാകാലങ്ങളിൽ അധികാരത്തിലേറുന്നവര്‍ ഇക്കാര്യം ഓർത്താൽ നന്ന്.

Story Highlights- Freedom Of Press, Emergency, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top