പഞ്ചാബിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

പഞ്ചാബിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. മാധ്യമ പ്രവർത്തകൻ ജൊബൻപ്രീത് സിംഗാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സ്വകാര്യ വെബ് ചാനൽ മാധ്യമ പ്രവർത്തകരായ ജൊബൻപ്രീത് സിംഗ്, ഗുർചേത് സിംഗ് എന്നിവർക്കെതിരെ അജ്ഞാതരായ അക്രമി സംഘം വെടിയുതിർത്തത്. സ്വിഫ്റ്റ് കാറിൽ ചണ്ഡിഗഡിലേക്ക് പോവുകയായിരുന്ന ഇരുവരെയും മേഹാന ഗ്രാമത്തിന് സമീപത്ത് വച്ച് അജ്ഞാത സംഘം അക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വെടിയേറ്റ ഗുർചേത് 20 കിമി അകലെയുള്ള സ്വകാര്യ ആശുപത്രി വരെ വണ്ടിയോടിച്ചെത്തിയാണ് ചികിത്സ തേടിയത്. അപ്പോഴേക്കും യാത്രാമധ്യേ തന്നെ കാറിൽവച്ച് ജോബൻപ്രീത് മരണപ്പെട്ടിരുന്നു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുർചേതിനെ ദയാനന്ദ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഗുർചേത് ഗുരുതരാവസ്ഥയിലാണെങ്കിലും അപകട നി തരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here