സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന് ട്രംപിനെ ക്ഷണിച്ച് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ക്ഷണിച്ച് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി. സെനറ്റിൽ ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കാനാരിക്കെയാണ് ക്ഷണം.
ഫെബ്രുവരി നാലിന് നടക്കുന്ന യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർ നാൻസി പെലോസി ട്രംപിന് കത്ത് എഴുതിയത്. സ്പീക്കറുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് ഹോഗൻ ഗിഡ്‌ലി അറിയിച്ചു. ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസം ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെ നടക്കുന്ന യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലുള്ള ട്രംപിന്റെ പ്രസംഗം ഇംപീച്ച്‌മെന്റ് നടപടികൾക്കെതിരെയുള്ള ആഞ്ഞടിക്കലായിരിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സെനറ്റിലെ വിചാരണയിൽ കുറ്റവിമുക്തനാവാമെന്നു തീർച്ചയുള്ള ട്രംപ് വിചാരണ വൈകിപ്പിക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിൽ അമർഷം പ്രകടിപ്പിച്ചു. ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പിൽ ഒറ്റ റിപ്പബ്‌ളിക്കൻ പാർട്ടിക്കാരനും ഇംപീച്ച്‌മെൻറിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയ ട്രംപ് ഒന്നും ചെയ്യാനില്ലാത്ത ഡെമോക്രാറ്റുകൾ സെനറ്റിനു പ്രമേയം കൈമാറുന്നതു വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു. എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് ട്വീറ്റു ചെയ്തു.
ബുധനാഴ്ച ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌തെങ്കിലും ഇംപീച്ച്‌മെന്റ് പ്രമേയങ്ങൾ സെനറ്റിനു നൽകാനോ പ്രോസിക്യൂട്ടർമാരെ നിയമിക്കാനോ സ്പീക്കർ നാൻസി പെലോസി തയാറായിട്ടില്ല. റിപ്പബ്‌ളിക്കൻ ഭൂരിപക്ഷ സെനറ്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷം അംഗങ്ങൾ അനുകൂലിച്ചാലേ ഇംപീച്ച്‌മെന്റ് നടപ്പാകൂ. ഇപ്പോഴത്തെ നിലയ്ക്ക് വിചാരണ നടന്നാൽ ട്രംപിന് എളുപ്പത്തിൽ കുറ്റവിമുക്തനാവാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here