ബിഗ് ബാഷിൽ 11 സിക്സറുകൾ അടക്കം വെടിക്കെട്ട് ബാറ്റിംഗുമായി ക്രിസ് ലിൻ; റെക്കോർഡ്: വീഡിയോ

ബിഗ് ബാഷിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ഐപിഎൽ ലേലത്തിൽ കൊൽക്കത്ത ഒഴിവാക്കി മുംബൈ ചുളുവിലയിൽ ടീമിലെത്തിച്ച ഓസീസ് താരം ക്രിസ് ലിൻ. ബ്രിസ്ബേൻ ഹീറ്റിനു വേണ്ടി കളിക്കുന്ന ലിൻ 35 പന്തില്‍ 94 റണ്‍സാണ് അടിച്ചു കൂട്ടിയത്. 11 സിക്സറുകൾ അടക്കമായിരുന്നു ലിന്നിൻ്റെ വെടിക്കെട്ട് ബാറ്റിംഗ്. ഇതോടെ ബിഗ് ബാഷില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും സ്വന്തമാക്കി.
വെറും 20 പന്തുകളിലാണ് ഓസീസ് താരം അർധസെഞ്ചുറി കുറിച്ചത്. ബ്രിസ്ബേൻ ഹീറ്റിൻ്റെ ക്യാപ്റ്റനായ ലിൻ 10ആം ഓവറിൽ പുറത്തായെങ്കിലും ആ സമയം കൊണ്ട് 11 സിക്സറുകളും നാലു ബൗണ്ടറികളും സഹിതം 35 പന്തില്‍ 94 റണ്‍സ് നേടിയിരുന്നു.
അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് മുംബൈ ലിന്നിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളിൽ കൊൽക്കത്തക്കു വേണ്ടി കളിച്ച ലിന്നിനെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാത്തതിനെത്തുടർന്ന് ഈ സീസണിൽ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് മുംബൈ ലിന്നിനെ ചുളുവിലക്ക് സ്വന്തമാക്കിയത്. അദ്ദേഹത്തെ വിട്ടു കളഞ്ഞതിൻ്റെ പേരിൽ മുൻ നായകൻ ഗൗതം ഗംഭീർ അടക്കം ഒട്ടേറെ പേർ കൊൽക്കത്തയെ വിമർശിച്ചിരുന്നു.
ലിന്നിന്റെ കിടിലൻ ബാറ്റിംഗ് കരുത്തിൽ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ ബ്രിസ്ബേൻ 209 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ 48 റൺസിന് ബ്രിസ്ബേൻ വിജയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here