കൊല്ലം നഗരത്തിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് കടിയേറ്റു

കൊല്ലം നഗരത്തിൽ തെരുനായയുടെ ആക്രമണം. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. അമ്മൻനട, ചെമ്മാൻമുക്ക്, പട്ടത്താനം, വേപ്പാലുംമൂട് മേഖലയിലുള്ള ഇരുപതോളം പേർക്ക് നായയുടെ കടിയേറ്റു. റോഡരികിൽ നിന്നവരെയും സമീപത്തു കൂടി നടന്നു പോയവരെയുമൊക്കെ നായ കടിച്ച് പരിക്കേല്പിച്ചു.
നായയുടെ ആക്രമണത്തെ തുടർന്ന് അമ്മൻനട, ചെമ്മാൻമുക്ക്, വേപ്പാലുംമൂട് സ്വദേശികളായ ഷൈനി, റെനി, ജയപ്രകാശ്, വിപിൻ, ശ്രീഹരി, സനു, ഷേർലി തങ്കച്ചൻ, നവനീത്, ലിജി, രതീഷ് കുമാർ, സുധീർ, റിനോൾഡ് സെബാസ്റ്റ്യൻ, ഗിരിജാകുമാരി, മുസ്തഫ, മുസ്തഫയുടെ ഭാര്യ ലിജി തുടങ്ങി പതിനഞ്ചോളം പേരാണ് ഇന്നലെ രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. സമീപത്തുള്ള മറ്റ് സ്വകാര്യ ആശുപത്രികളിലും പരുക്കേറ്റവർ ചികിത്സ തേടിയിട്ടുള്ളതിനാൽ പരുക്കേറ്റവരുടെ എണ്ണം കൂടാനാണു സാധ്യത.
അതേ സമയം, ആളുകളെ കടിച്ചത് ഒരു നായ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. വ്യത്യസ്ത സമയങ്ങളിൽ ആക്രമണം നടത്തിയതു കൊണ്ട് തന്നെ ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ല. വേഗത്തിൽ ഓടിയെത്തുന്ന നായ മുന്നിൽ കാണുന്നയാളെ കടിച്ച ശേഷം അതേ വഗത്തിൽ ഓടിമറയുകയായിരുന്നു പതിവെന്ന് പരുക്കേറ്റവർ പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ പോയവരെയും നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീണും ചിലർക്ക് പരുക്കേറ്റിരുന്നു. നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Story Highligts: Stray Dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here