Advertisement

സീറ്റ് തർക്കത്തെച്ചൊല്ലി വിമാനം വൈകിയത് 45 മിനിട്ട്; ബിജെപി എംപി പ്രജ്ഞയോട് പൊട്ടിത്തെറിച്ച് യാത്രക്കാരന്‍: വീഡിയോ

December 23, 2019
4 minutes Read

ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനോട് പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരൻ. ജീവനക്കാരുമായുള്ള പ്രജ്ഞയുടെ സീറ്റ് തർക്കത്തെത്തുടർന്ന് വിമാനം 45 മിനിട്ട് വൈകിയതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്. ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന രീതിയില്ല പ്രജ്ഞയുടേതെന്ന് സഹയാത്രികന്‍ വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

“നിങ്ങൾക്ക് അല്പമെങ്കിലും ധാർമ്മിക ബോധം ഉണ്ടായിരിക്കണം. നിങ്ങൾ കാരണം ഒരു യാത്രക്കാരനെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ നിങ്ങൾ അത് മനസിലാക്കണം. നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കണം. നിങ്ങൾ ഒരു നേതാവാണ്. 50 ഓളം യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?” എന്ന് യാത്രക്കാരന്‍ പ്രജ്ഞയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ പ്രകോപിതയായ പ്രജ്ഞ മാന്യമായി സംസാരിക്കണമെന്ന് യാത്രക്കാരന് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ തൻ്റെ ഭാഷക്ക് കുഴപ്പമൊന്നും ഇല്ലെന്നും ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് നിങ്ങളോട് താൻ സംസാരിച്ചതെന്നും യാത്രക്കാരൻ മറുപടി നൽകുന്നു.

ഡൽഹി-ഭോപ്പാൽ സ്പൈസ് ജെറ്റിൽ വെച്ചായിരുന്നു സംഭവം. വീൽചയറിലെത്തിയ പ്രജ്ഞയ്ക്ക് എമർജൻസി നിരയിലാണ് ആദ്യം സീറ്റ് നൽകിയത്. എന്നാൽ വീൽചെയറിലുള്ള യാത്രക്കാർക്ക് എമർജൻസി നിരയിൽ സീറ്റ് നൽകുന്നത് നിയമവിരുദ്ധമാണെന്നും മാറിയിരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ പ്രജ്ഞ ഇത് നിരസിച്ചു. തുടർന്നായിരുന്നു ഈ സംഭവം അരങ്ങേറിയത്. എന്നാൽ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചതോടെ സീറ്റ് മാറിയിരിക്കാൻ പ്രജ്ഞ നിർബന്ധിതയായി. തുടർന്നാണ് വിമാനം യാത്ര ആരംഭിച്ചത്.

സീറ്റ് ബുക്ക് ചെയ്തപ്പോൾ വീൽചെയറിനെപ്പറ്റി പ്രജ്ഞ സൂചിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് എമർജൻസി നിരയിൽ സീറ്റ് നൽകിയതെന്നുമാണ് സ്പൈസ് ജെറ്റ് പറയുന്നത്. അതേസമയം, ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രജ്ഞ വിമാനക്കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Story Highlights: Pragya Singh Thakur,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top