മറ്റാർക്കും അവസരം നൽകില്ലെന്നുറച്ച് ബിസിസിഐ: പന്തിനെ കളി പഠിപ്പിക്കാൻ പ്രത്യേകം പരിശീലകൻ; റിവ്യൂ എടുക്കാനും പരിശീലനം

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പ്രത്യേകം പരിശീലകനെ നിയമിക്കുമെന്ന സൂചന നൽകി ബിസിസിഐ സെലക്ഷൻ കമ്മറ്റി. സെലക്ഷൻ കമ്മറ്റി ചെയർമാൻ എംഎസ്കെ പ്രസാദാണ് ഋഷഭ് പന്തിനു പകരം തത്കാലം മറ്റാരെയും ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐക്ക് ഉദ്ദേശമില്ലെന്ന സൂചന നൽകിയത്. പന്തിൻ്റെ വിക്കറ്റ് കീപ്പിംഗ് മികവ് വർധിപ്പിക്കാനായി പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.
വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുന്നതിനായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെയ്ക്കു കീഴിൽ പന്ത് പരിശീലനം നടത്തിയിരുന്നു. എന്നാൽ പരിശീലനം വലിയ ഗുണമൊന്നും ചെയ്തിട്ടില്ലെന്ന് വിൻഡീസ് പര്യടനം തെളിയിച്ചു. ഇതേത്തുടർന്നാണ് പന്തിനെ നിർബന്ധപൂർവം കളി പഠിപ്പിച്ചേ മതിയാവൂ എന്ന് ബിസിസിഐ തീരുമാനിച്ചത്. ‘പന്തിന്റെ വിക്കറ്റ് കീപ്പിങ് ടെക്നിക്സ് ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി ഒരു പ്രത്യേക പരിശീലകനെ നിയമിക്കാനാണ് ഞങ്ങളുടെ തീരുമാനം’ – ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരകൾക്കുള്ള ടീം പ്രഖ്യാപനത്തിനിടെ എംഎസ്കെ പ്രസാദ് പറഞ്ഞു.
വിക്കറ്റ് കീപ്പിംഗിനൊപ്പം ഡിആർഎസ് എടുക്കാനും പന്തിന് പ്രത്യേക പരിശീലനം നൽകുമെന്ന സൂചനയുമുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് പരമ്പരകളിലൊക്കെ ഋഷഭ് പന്തിൻ്റെ നിർദ്ദേശാനുസരണം റിവ്യൂ എടുത്ത ക്യാപ്റ്റന്മാർക്ക് അബദ്ധം പിണഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡിആർഎസ് എടുക്കുന്ന കാര്യത്തിൽ പന്ത് കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റിവ്യൂ എടുക്കാനും സഞ്ജുവിന് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചത്.
മലയാളി താരം സഞ്ജു സാംസൺ, ആന്ധ്രാപ്രദേശിൻ്റെ കെഎസ് ഭരത്, ജാർഖണ്ഡ് വിക്കറ്റ് കീപ്പർ ഇഷൻ കിഷൻ തുടങ്ങിയ താരങ്ങൾ അവസരം ലഭിക്കാതെ പുറത്തിരിക്കുമ്പോഴാണ് പന്തിന് വീണ്ടും വീണ്ടും അവസരം നൽകുന്നതും പ്രത്യേക പരിശീലനം നൽകാൻ ബിസിസിഐ ഒരുങ്ങുന്നതും.
Story Highlights: MSK Prasad, Rishabh Pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here