ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പാലയിൽ ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും. നിലവിലെ അന്വേഷണത്തെ സംബന്ധിച്ച് മരിച്ച അഫീൽ ജോൺസന്റെ മാതാപിതാക്കൾ കോട്ടയം എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്. അന്വേഷണം ഇനിയും വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം ഒരേ വേദിയിൽ നടത്തിയത് സംഘാടകരുടെ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയതാണ്. അപകടത്തിലേക്ക് നയിച്ച അനാസ്ഥക്ക് കാരണക്കാരായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനപ്പുറം അന്വേഷണങ്ങൾ നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഫീൽ ജോൺസന്റെ മാതാപിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി പാല ഡിവൈഎസ്പിയോട് നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ നാലിന് ഉച്ചയോടെയാണ്, ജാവലിൻ ത്രോ മത്സരത്തിന്റെ വളണ്ടിയറായിരുന്ന അഫേൽ ജോൺസന്റെ തലയിൽ ഹാമർ പതിച്ചത്. ചികിത്സയിലിരിക്കെയാണ് ഒക്ടോബർ 21ന് അഫീലിന് ജീവൻ നഷ്ടമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here