150 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ പേസർ; എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ്: സ്വപ്ന നേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ

150 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ആൻഡേഴ്സൺ ഈ നേട്ടം കുറിച്ചത്. മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം റെക്കോർഡ് നേട്ടം ആഘോഷമാക്കുകയും ചെയ്തു.
161 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അലിസ്റ്റർ കുക്കാണ് ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് ക്യാപ്പണിഞ്ഞ താരം. രണ്ടാം സ്ഥാനത്ത് ആൻഡേഴ്സൺ ആണ്. 200 മത്സരങ്ങൾ കളിച്ച സച്ചിൻ തെണ്ടുൽക്കറാണ് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ താരം. പട്ടികയിൽ ആൻഡേഴ്സൺ ഏഴാമതാണ്.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ആൻഡേഴ്സൺ വിക്കറ്റ് നേടിയിരുന്നു. പ്രോട്ടീസ് ഓപ്പണർ ഡീൻ എൽഗറിനെ വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈകളിലെത്തിച്ചാണ് ആൻഡേഴ്സൺ റെക്കോർഡ് നേട്ടം ആഘോഷിച്ചത്.
അതേ സമയം, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് അവരുടെ സമ്പാദ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി 95 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കാണ് ടോപ്പ് സ്കോറർ ആയത്. ഇംഗ്ലണ്ടിനായി സാം കറൻ നാലും സ്റ്റുവർട്ട് ബ്രോഡ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Story Highlights: James Anderson, Test Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here