‘പൗരത്വ നിയമ ഭേദഗതിയിൽ സർക്കാരും പ്രതിഷേധക്കാരും ചർച്ചയ്ക്ക് തയാറാവണം’; സിഎഎ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ

പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും ചർച്ചയ്ക്ക് തയാറാവണമെന്ന് കുഞ്ചാക്കോ ബോബൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇരുകൂട്ടരും സമാധാനപരമായി ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും മനുഷ്യത്വത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
‘പ്രക്ഷോഭകരുടെ പ്രതിഷേധം ആക്രമാസക്തമാകരുത്. ഭരണകൂടവും പ്രതിഷേധക്കാരും അക്രമങ്ങളിൽ നിന്ന് പിന്മാറണം. ചർച്ചകൾ തർക്കത്തിന് വേണ്ടിയാകരുത്, പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാകണം’- കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
നേരത്തെയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരുന്നു. ഡിസംബർ 16ന് ജാമിഅ മില്ലിയ വിദ്യാർത്ഥിനി അയ്ഷ റെന്നയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘ഈ ചൂണ്ടിയ വിരൽ മാത്രം മാതി ഇന്ത്യയിലെ കുട്ടികളെ ഒന്നിച്ച് നിർത്താൻ…ഭരണഘടനയോട് നീതി പുലർത്തൂ…ഇന്ത്യയുടെ യഥാർത്ഥ മകനും മകളുമായി നിൽക്കൂ’ എന്നായിരുന്നു താരം ചിത്രത്തോടൊപ്പം കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here