പാലാരിവട്ടം പാലം അഴിമതി; തീരുമാനമെടുക്കാതെ ഗവർണറുടെ ഓഫീസ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ തീരുമാനമെടുക്കാതെ ഗവർണറുടെ ഓഫീസ്. ഇബ്രാഹിംകുഞ്ഞുമായി ബന്ധപ്പെട്ട രേഖകൾ ഗവർണറുടെ ഓഫീസിന് കൈമാറിയെന്ന് വിജിലൻസ് എസ്പി വ്യക്തമാക്കി. ഗവർണർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു നടപടി.
ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടി നീളുന്നത് ഗവർണറുടെ അനുമതി വൈകുന്നതിനാലാണ്. പാലാരിവട്ടം കേസിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച രേഖകൾ ഗവർണറുടെ ഓഫീസിന് കൈമാറിക്കഴിഞ്ഞു. ഗവർണർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. പ്രോസിക്യൂഷന് അനുമതി ലഭിച്ചാലുടൻ വിജിലൻസ് തുടർനടപടി സ്വീകരിക്കും. മറ്റ് പ്രതികൾക്കെതിരായ തെളിവ് ശേഖരണമടക്കം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘത്തലവൻ വ്യക്തമാക്കി.
അതേസമയം, ഗവർണറുടെ അനുമതി വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അനുമതി വൈകുന്നത് തെളിവ് നശിപ്പിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ആരോപണം. നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിപ്പണം നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയിലാണിത്. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here