പൗരത്വ നിയമം ബ്രാഹ്മണിക്കൽ അജണ്ട; ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് മാവോയിസ്റ്റുകൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാവോയിസ്റ്റുകൾ. പൗരത്വ നിയമം ബ്രാഹ്മണിക്കൽ അജണ്ടയെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകൾ ലഘുലേഖ പുറത്തിറക്കി. പൗരത്വ നിയമം കൊണ്ടുവന്നത് മറ്റ് പ്രശ്‌നങ്ങളിൽ നിന്ന് വഴിതിരിക്കാനാണെന്നും ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും മാവോയിസ്റ്റുകൾ ലഘുലേഖയിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും ബാബറി മസ്ജിദ് തർക്കത്തിൽ സുപ്രിംകോടതിയുടെ അന്യായ വിധിയും തുടർന്ന് വന്ന സിഎഎയും മുസ്ലീം സമൂഹത്തെ സവിശേഷമായി വേട്ടയാടുന്ന ഒരു രാഷ്ട്രീയ അജണ്ടയാണ് രാജ്യത്ത് പ്രാവർത്തികമാകുന്നത്. ജുഡീഷ്യറിയും നിയമ സംവിധാനങ്ങളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ സംഘപരിവാർ ഫാസിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ് കാണുന്നത്. സിഎഎയും ദേശീയ പൗരത്വ പട്ടികയും കടുത്ത ആശങ്ക വീഴ്ത്തിയിരിക്കുകയാണെന്നും ലഘുലേഖയിൽ പറയുന്നു.
മോദി, അമിത് ഷാ ഭാഗവത് ത്രിമൂർത്തി സഖ്യം കോർപ്പറേറ്റുകളുടെ സഹായത്താൽ സിഎഎയ്‌ക്കെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയാണ്. പ്രതിഷേധിക്കുന്നവരുടെ ജീവൻ മാത്രമല്ല, സ്വത്തുവകകൾ വരെ കണ്ടുകെട്ടുന്ന സംഭവമുണ്ടായി. പ്രതിഷേധങ്ങളെ തമസ്‌കരിക്കാൻ എല്ലാ അർത്ഥത്തിലും കർഫ്യു അടിച്ചേൽപിക്കുകയാണ്. സത്യം അറിയാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങളെ തള്ളി വാർത്താവിനിമയ സംവിധാനങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തി. രാജ്യം അടിയന്തരാവസ്ഥയെ വെല്ലുന്ന പൊലീസ് രാജിനെയാണ് അഭിമുഖീകരിക്കുന്നതെന്നും ലഘുലേഖയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here