ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് റെഡ് അലേർട്ട്

കടുത്ത ശൈത്യം തുടരുന്ന ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ 2.8 ഡിഗ്രി സെൽഷ്യസാണ് താപനില. ഹരിയാനയിലെ ഹിസാറിൽ 0.2 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നു. ശൈത്യക്കാറ്റും ജനജീവിതത്തെ ദുസഹമാക്കി.
തുടർച്ചയായ പതിനൊന്നാം ദിവസവും ഉത്തരേന്ത്യ തണുത്തു വിറയ്ക്കുകയാണ്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡൽഹിയിലെ ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്. കൊടും ശൈത്യം വ്യോമ, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ദേശിയ പാതകളിൽ കാഴ്ചാപരിധി കുറഞ്ഞു.
Read Also : ഉത്തരേന്ത്യയിൽ അതിശൈത്യം; നാല് സംസ്ഥാനങ്ങളിൽ ഇന്ന് റെഡ് അലേർട്ട്
ഉത്തർപ്രദേശിലെ മുസാഫർനഗറിലും അലിഗഡിലും രണ്ട് ഡിഗ്രി സെൽഷ്യസിനും താഴെയാണ് താപനില. ലഖ്‌നൗവിൽ 3.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹരിയാനയും പഞ്ചാബും രാജസ്ഥാനും ശൈത്യത്താൽ വിറയ്ക്കുകയാണ്. ലഡാക്കിൽ മൈനസ് 19.1 ആണ് രേഖപ്പെടുത്തിയത്.
ശ്രീനഗറിലെ ഡാൽ തടാകം തണുത്തുറഞ്ഞു. പല മേഖലകളിലും കുടിവെള്ള വിതരണം തടസപ്പെട്ടു. ഉത്തരേന്ത്യയിലെ അതിശൈത്യം ജനുവരി മൂന്ന് വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Story Highlights- Red Alert, Climate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here