പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം മറ്റന്നാൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ മറ്റന്നാൾ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിപക്ഷമാണ് പ്രത്യേക നിയമസഭാ സമ്മേളനമെന്ന നിർദേശം മുന്നോട്ടു വെച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിയോജിപ്പു തള്ളി യോജിച്ച പ്രക്ഷോഭത്തിനും ധാരണയായി. തുടർപരിപാടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും യോഗം ചുമതലപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ പാർട്ടികളുടെയും വിവിധ മത സാമൂഹ്യ സംഘടനകളുടെയും യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. ഗവർണർക്കെതിരായ പ്രതിഷേധത്തെ യോഗത്തിൽ മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാൽ അക്രമ സമരം അനുവദിക്കില്ല. സംസ്ഥാനത്ത് പൗരത്വ വിഷയത്തിൽ തടങ്കൽ പാളയങ്ങളുണ്ടാവില്ല. ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ സഭ വിളിച്ചു ചേർത്ത് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവിനു പുറമെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും യോഗത്തിൽ പങ്കെടുത്തു. നേരത്തെ സർക്കാരിനൊപ്പം സമരത്തിനില്ലെന്ന നിലപാടെടുത്ത ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനും യോഗത്തിനെത്തി. എൻ എസ് എസ് യോഗത്തിൽ നിന്ന് വിട്ടു നിന്നു. എസ്ഡിപിഐ ,ജമാ അത്തെ ഇസ്ലാമി എന്നിവരെ ക്ഷണിച്ചിരുന്നില്ല.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here