രാജ്യ സുരക്ഷയ്ക്ക് വ്യക്തവും ആക്രമണോത്സുകവുമായ നടപടികൾ സ്വീകരിക്കാൻ കിം ജോങ് ഉൻ

രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ വ്യക്തവും ആക്രമണോത്സുകവുമായ നടപടികൾ സ്വീകരിക്കാൻ
ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയിലെ ഉന്നത നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം.
വിദേശകാര്യ രംഗത്തും സൈനിക രംഗത്തും യുദ്ധസാമഗ്രികളുടെ വ്യവസായത്തിലും നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൂർണമായും ഉറപ്പ് വരുത്താൻ വ്യക്തവും ആക്രമണോത്സുകവുമായ നടപടികളാണ് ആവശ്യമെന്നും കിം നിർദേശിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ഉപരോധങ്ങൾ കാരണം തിരിച്ചടി നേരിടുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കിം യോഗത്തിൽ സംസാരിച്ചതായി കെസിഎൻഎ അറിയിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ വ്യവസായ രംഗത്ത് വേണ്ട തിരിത്തലുകൾ വരുത്താനാണ് കിം നിർദേശിച്ചിരിക്കുന്നത്.
തങ്ങളുമായുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കാൻ ആവശ്യമായ നടപടികളെടുക്കാൻ അമേരിക്കയോട് ഉത്തര കൊറിയ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അമേരിക്ക പരാജയപ്പെട്ടാൽ തങ്ങൾ പുതിയ വഴികൾ തേടുമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദീർഘദൂര മിസൈൽ പരീക്ഷണം ഉൾപ്പടെയുള്ളവക്കാണ് ഉത്തര കൊറിയ പദ്ധതിയിടുന്നതെന്നും അങ്ങനെ ചെയ്താൽ അത് അമേരിക്കയെ തീർത്തും നിരാശരാക്കുമെന്നും ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ ഇന്നലെ പറഞ്ഞിരുന്നു.
Story highlight: Kim Jong Un
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here