‘ഗവൺമെന്റും ബോർഡും എടുക്കുന്ന തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്’ : കെടിഡിസി ഉദ്യോഗസ്ഥരെ വിമർശിച്ച് ടൂറിസം മന്ത്രി

കെടിഡിസി ഉദ്യോഗസ്ഥരെ വിമർശിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ഗവൺമെന്റും ബോർഡും എടുക്കുന്ന തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. എന്നാൽ കാലാനുസൃതമായി പദ്ധതികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമാണെന്നും അതിന്റെ ക്ഷീണം കെടിഡിസിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. വേളിയിൽ നവീകരിച്ച ഫ്‌ളോട്ടിങ്ങ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
പദ്ധതി തുക 70 ലക്ഷം രൂപ ചിലവഴിച്ചാണ് തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്‌ലോട്ടിംഗ് റസ്റ്റോറന്റ് ടൂറിസം വകുപ്പ് നവീകരിച്ചത്. വേളിക്കായലിന്റെ ഓളപ്പരപ്പിലുരുന്ന്, അറബിക്കടലിന്റെയും കായലിന്റെയും ഭംഗി ആസ്വദിക്കാവുന്ന തരത്തിലാണ് ഫ്‌ലോട്ടിലയുടെ നിർമാണം.
കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് വേളിക്ക് മാത്രം 56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.വേളിക്കായലിൽ ഫെറോസിമൻറ് പ്ലാറ്റ്‌ഫോമിൽ ആഞ്ഞിലിയുടെയും, തേക്കിന്റെയും തടിയിലാണ് ഫ്‌ലോട്ടില നിർമ്മിച്ചിട്ടുള്ളത്. അധിക സുരക്ഷയ്ക്കായി തെങ്ങിൻ തടിയുടെ താങ്ങുകളും നൽകിയിട്ടുണ്ട്.
3075 ചതുരശ്ര അടി വിസ്തീർണമുള്ള താഴത്തെ നിലയിൽ 14 ടേബിളുകളിലായി 56 പേർക്കും 675 ചതുരശ്ര അടി വിസ്തീർണമുള്ള മുകൾ നിലയിൽ 7 ടേബിളുകളിലായി 28 പേർക്കും ഒരേ സമയം ഇരിക്കാൻ സൗകര്യമുണ്ട്.
Story Highlights- Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here