തകർപ്പൻ മാജിക്കുമായി സൗബിൻ ഷാഹിർ; വീഡിയോ വൈറൽ

സൗബിൻ ഷാഹിർ നല്ലൊരു നടനാണ്. ഹാസ്യതാരമായി തുടങ്ങിയ സൗബിൻ പിന്നീടങ്ങോട്ട് ഗംഭീരമായ ചില റോളുകളിലൂടെ മലയാളിയെ ഞെട്ടിച്ചു. ഇപ്പോഴിതാ താൻ ഒരു മജീഷ്യൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. സൗബിൻ്റെ മാജിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെയായിരുന്നു സൗബിൻ്റെ മാജിക്ക്. സൗബിനൊപ്പം ജാഫർ ഇടുക്കിയെയും മറ്റ് ചിലരെയും കൂടി വീഡിയോയിൽ കാണാം. സമീപത്ത് നിൽക്കുന്ന ഒരാളുടെ തലമുടിയിൽ നിന്ന് ഒരു അടക്ക എറ്റുക്കുന്നതാണ് മാജിക്കിൻ്റെ ആദ്യ ഭാഗം. ഈ അടക്ക സൗബിൻ ജാഫറിൻ്റെ കയ്യിൽ കൊടുക്കുന്നു. ശേഷം, ഈ അടക്ക വാങ്ങുന്ന സൗബിൻ അത് വായിലിറ്റ് കടിക്കുന്നു. പിന്നീട് വീണ്ടും താരം അടക്ക പുറത്തെടുക്കുന്നു. മാജിക്ക് കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗബിൻ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ മികച്ച സിനിമകൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ അണിയിച്ചൊരുക്കുന്ന ഒരു ഹാസ്യ സിനിമയാണ് ജിന്ന്. സൗബിൻ ഷാഹിറും നിമിഷ സജയനും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവഹിക്കും. ഭവന്‍ ശ്രീകുമാറാണ് എഡിറ്റിംഗ്.
Story Highlights: Soubin Shahir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here