എയർ ഇന്ത്യ അഴിമതികേസ്; എൻഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷണം വീണ്ടും ഊർജിതമാക്കി

യുപിഎ സർക്കാരിന്റെ കാലത്തെ എയർ ഇന്ത്യ അഴിമതികേസിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷണം ഊർജ്ജിതമാക്കി. എൻസിപിയുമായി രാഷ്ട്രീയ സൗഹൃദം ഉണ്ടാക്കാൻ ബിജെപി ശ്രമിച്ചതിനെ തുടർന്ന് നിലച്ചിരുന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം മുതൽ അന്വേഷണ എജൻസികൾ ഊർജ്ജിതമാക്കിയത്.
എൻസിപിയുടെ പ്രമുഖനേതാവ് പ്രഫുൽ പട്ടേൽ അടക്കമുള്ള വർ ആരോപണ വിധേയരായ കേസിൽ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ
പി. ചിദംമ്പരത്തെ എൻഫോഴ്‌സ്‌മെന്റ് ഇന്നലെ ചോദ്യം ചെയ്തു. അതേസമയം, സുപ്രിംകോടതി നിർദേശ പ്രകാരം ഏറ്റെടുത്ത കേസിൽ സമയ ബന്ധിതമായി അന്വേഷണം പൂർത്തി ആക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഒന്നും അന്വേഷണം ശക്തമാക്കിയതിന് കാരണമായില്ലെന്നും അന്വേഷണ എജൻസികൾ വ്യക്തമാക്കി.
എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും 111 പുതിയ വിമാനങ്ങൾ വാങ്ങുന്നതിന്, നിർമാതാക്കളായ ബോയിംഗ്, എയർ ബസ് എന്നീ കമ്പനികൾക്ക് നൽകിയ കരാറിന്റെ മറവിലാണ് അഴിമതി നടന്നത്. 2005 ഡിസംബറിൽ കരാർ നൽകുന്നതിന് യുപിഎ സർക്കാർ അനുമതി നൽകിയിരുന്നു. 70000 കോടി രൂപ മതിപ്പ് വരുന്നതായിരുന്നു കരാർ. ലാഭകരമായ റൂട്ടുകൾ സ്വകര്യ വിമാന സർവീസ് കമ്പനികൾക്ക് നൽകുന്നതിന് സർക്കാരും എയർ ഇന്ത്യ അധികൃതരും കാട്ടിയ താത്പര്യം പിന്നീട് പുറത്ത് വന്നു. വിമാനങ്ങൾ വാങ്ങുന്നതിന് അമേരിക്കയിൽ നിന്നുൾപ്പെടെ കടമെടുത്തത് എയർ ഇന്ത്യക്ക് വൻ ബാധ്യതയും സമ്മാനിച്ചു.
സുപ്രിംകോടതിയിൽ വിഷയം എത്തുകയും തുടർന്ന് പരമോന്നത കോടതിയുടെ നിർദേശ പ്രകാരം സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വൻ സാമ്പത്തിക ഇടപാട് കരാറുമായി ബന്ധപ്പെട്ട ഉണ്ടായ വിഷയമായതിനാൽ തുടർന്ന് അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും പങ്കാളിയായി. എന്നാൽ, ഏതാനും മാസങ്ങളായി കേസിലെ അന്വേഷണ നടപടികൾ സ്തംഭിച്ചിരിക്കുകയായിരുന്നു.
എൻഐപിയും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ ആണ് ഇപ്പോൾ വീണ്ടും അന്വേഷണം ഏജൻസികൾ ഊർജ്ജിതമാക്കിയത്. കേസിൽ പ്രഫുൽ പട്ടേൽ അടക്കമുള്ള എൻസിപിയുടെ പ്രമുഖ നേതാക്കൾക്ക് ഒപ്പം പി ചിദംമ്പരവും ആക്ഷേപ വിധേയനാണ്. ചിദമ്പരത്തെ ഇന്നലെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് പി. ചിദംമ്പരം അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് സൂചിപ്പിച്ചു. അന്വേഷണം ഉടൻ പൂർത്തിയാക്കേണ്ടതുകൊണ്ട്
വരും ദിവസങ്ങളിൽ അറസ്റ്റ് അടക്കമുള്ള കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകും എന്നാണ് എൻഫോഴ്‌സ്‌മെന്റ് നൽകുന്ന സൂചന. സംഭവത്തിലെ സിബിഐ അന്വേഷണവും സമാന്തരമായി നടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here