Advertisement

കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

January 4, 2020
1 minute Read

മുൻ മലയാളി ഐഎഎസ് ഓഫിസർ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പൊലീസ്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് അദ്ദേഹം അറസ്റ്റിലായത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറസ്റ്റിലായ വിവരം അദ്ദേഹം തന്നെ പുറത്തു വിട്ടിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ അദ്ദേഹത്തിന് ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു. അങ്ങോട്ടുള്ള യാത്രക്കിടെയാണ് അറസ്റ്റ് നടന്നത്.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം കൃത്യമായ അപ്ഡേറ്റുകൾ നൽകുന്നുണ്ട്. പൊലീസ് തന്നെ ഒരു ഹോട്ടലിലെത്തിച്ചു എന്ന് നേരത്തെ ട്വീറ്റ് ചെയ്ത അദ്ദേഹം എന്തിനാണ് ഇവിടേക്ക് കൊണ്ടു വന്നതെന്ന് തനിക്കറിയില്ലെന്നും കുറിച്ചു. പൊലീസ് തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ നിന്നുള്ള ഉത്തരവു പ്രകാരമാണ് തങ്ങൾ കസ്റ്റഡിയിലെടുക്കുന്നതെന്ന് യുപി പൊലീസ് തന്നോട് പറഞ്ഞുവെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ കടുത്ത വിമർശനമുയർത്തിയിരുന്ന അദ്ദേഹം രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിൽ സിഎഎയ്ക്കും എൻആർസിക്കുമെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ പശ്ചാത്തലത്തിലാണ് കണ്ണൻ ഗോപിനാഥനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

കേന്ദ്രത്തിനെതിരെ പലപ്പോഴും രംഗത്തു വന്നിട്ടുള്ളയാളാണ് കണ്ണൻ ഗോപിനാഥൻ. ജമ്മു കശ്മീരിനോടുള്ള കേന്ദ്ര സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് തൻ്റെ ഐഎസ്എസ് സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. എന്നാൽ ഈ രാജി അംഗീകരിച്ചിട്ടില്ല. ഗുരുതര വകുപ്പുകൾ ചുമത്തി ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനെതിരെ കുറ്റപത്രം ചുമത്തിയിട്ടുണ്ട്.

Story Highlights: Kannan Gopinathan, Uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top