Advertisement

രഞ്ജി ട്രോഫി: തകർച്ചക്കു ശേഷം സുമന്തിന്റെ കൗണ്ടർ അറ്റാക്ക്; ഹൈദരാബാദിനു ലീഡ്

January 4, 2020
1 minute Read

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഹൈദരാബാദിന് നിർണായകമായ ആദ്യ ഇന്നിംഗ്സ് ലീഡ്. കേരളത്തിനെ പോലെ ബാറ്റിംഗ് തകർച്ച നേരിട്ട ഹൈദരാബാദിന് അർധസെഞ്ചുറിയടിച്ച വിക്കറ്റ് കീപ്പർ കൊല്ല സുമന്താണ് ലീഡ് നൽകിയത്. ഇതോടെ മത്സരത്തിൽ വിജയമുറപ്പിക്കേണ്ടത് കേരളത്തിൻ്റെ ബാധ്യതയായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടിയിട്ടുണ്ട്.

കേരളത്തിൻ്റെ 164 പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ അക്ഷത് റെഡ്ഡിയെ നഷ്ടമായി. അക്ഷത് റെഡ്ഡിയെ (0) സന്ദീപ് വാര്യർ വിഷ്ണു വിനോദിൻ്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിൽ ക്യാപ്റ്റൻ തന്മയ് അഗർവാളിനെ (2) ബേസിൽ തമ്പി വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഹൈദരാബാദിൻ്റെ രണ്ട് ഓപ്പണർമാരും വേഗത്തിൽ പവലിയനിലെത്തി. ഹിമാലയ് അഗർവാൾ (4), ജവീദ് അലി (6) എന്നിവരെ പുറത്താക്കിയ സന്ദീപ് വാര്യർ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. അഗർവാളിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ സന്ദീപ് ജവീദിനെ പൊന്നം രാഹുലിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഏറെ വൈകാതെ ജമൽപൂർ മല്ലികാർജുനെ (12) ബേസിൽ തമ്പിയുടെ പന്തിൽ അക്ഷയ് ചന്ദ്രൻ പിടികൂടി. ടീമിലെ പകുതി താരങ്ങളും പുറത്താകുമ്പോൾ സ്കോർബോർഡിൽ 44 റൺസ് മാത്രമാണ് ഹൈദരാബാദിന് ഉണ്ടായിരുന്നത്. ആറാം വിക്കറ്റിൽ കൊല്ല സുമന്തും രവി തേജയും ചേർന്ന കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഇരുവരും ചേർന്ന് 46 റൺസ് സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത രവി തേജ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ്റെ കൈകളിൽ അവസാനിച്ചതോടെ വീണ്ടും ഹൈദരാബാദ് ബാക്ക്‌ഫൂട്ടിലായി. മെഹദി ഹസനെ (9) സ്വന്തം ബൗളിങിൽ പിടികൂടിയ സന്ദീപ് കേരളത്തിന് ഇന്നിംഗ്സ് ലീഡെന്ന പ്രതീക്ഷ നൽകി. എന്നാൽ, എട്ടാം വിക്കറ്റിൽ സാകെത് സായ്റാമിനെ സാക്ഷിയാക്കി കൗണ്ടർ അറ്റാക്ക് നടത്തിയ സുമന്ത് ഹൈദരാബാദിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

എട്ടാം വിക്കറ്റിൽ സുമന്ത്-സായ്റാം കൂട്ടുകെട്ട് ഇതു വരെ 55 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ ഘട്ടത്തിൽ സുമന്തിനു പിന്തുണ നൽകിയ സായ്റാം പിന്നീട് ചില മികച്ച ഷോട്ടുകൾ ഉതിർത്തിരുന്നു. 75 റൺസെടുത്ത സുമന്തും 16 റൺസെടുത്ത സായ്റാമും പുറത്താവാതെ നിൽക്കുകയാണ്.

Story Highlights: Ranji Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top