മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമയക്രമത്തിൽ മാറ്റം

മരട് ഫ്‌ളാറ്റ് പൊളിക്കൽ സമയക്രമത്തിൽ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് അഞ്ച് മിനിറ്റ് വ്യത്യസത്തിലായിരിക്കും. എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നത് 11 ന് രാവിലെ 11 മണിക്കാകും. അൽഫാ സെറീൻ പൊളിക്കുന്നത് 11.05 നായിരിക്കും. രണ്ടാമത്തെ ഫ്‌ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
പൊളിക്കുന്നതിന് വെല്ലുവിളി ഏറെയുള്ള എച്ച്ടുഒ ഫ്‌ളാറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ പൂർത്തിയായി. ഫ്‌ളാറ്റിന് പത്ത് മീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കുണ്ടന്നൂർ തേവര പാലവും 7 മീറ്റർ ദൂരത്തിൽ കടന്നുപോകുന്ന ഐഒ സി വാതക പൈപ്പ് ലൈനുമാണ് പ്രധാന വെല്ലുവിളി. 50 മീറ്ററിലധികമാണ് ഫ്‌ളാറ്റിന്റെ ഉയരം. പതിനായിരം ടണിലധികം ഭാരവുമുണ്ട് കെട്ടിടത്തിന്. സ്‌ഫോടനത്തിൽ സെക്കന്റുകൾക്കകം കെട്ടിടം നിലം പതിക്കും. 5 നിലകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്.
പൊളിക്കുന്നവയിൽ ഏറ്റവും വലിയ ഫ്‌ളാറ്റാണ് ആൽഫാ സെറീൻ. രണ്ട് ടവറുകളുണ്ട് ഫ്‌ളാറ്റ് സമുച്ചയത്തിന്. പുറം ചുവരുകൾ നീക്കുന്ന ജോലികൾക്കിടെ പരിസരത്തെ 18 വീടുകൾക്ക് ഇതിനകം വിള്ളൽ വീണു. നഷ്ടപരിഹാര ബാധ്യത ഏറ്റവും കൂടുതൽ ഇവിടെയാണ്. 12 ന് രാവിലെ 11 മണിക്ക് ജയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർക്കും . 16 നിലകളും 125 അപാർട്ട്‌മെന്റുകളുമുള്ള വീതിയേറിയ കെട്ടിടമാണിത്.
ഇതേ ദിവസം 2 മണിക്കാണ് ഗോൾഡൻ കായലോരം ഫ്‌ളാറ്റിൻ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. പൊളിക്കുന്നവയിൽ ഏറ്റവും ചെറിയ ഫ്‌ളാറ്റാണിത്. ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ള 2000 ത്തിലധികം പേരെയാണ് സ്‌ഫോടന സമയത്ത് ഒഴിപ്പിക്കും.
Story Highlights- Maradu Flat, Maradu Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here