ബിഹാറിൽ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണ തീയതി പ്രഖ്യാപിച്ച് സുശീൽ കുമാർ മോദി

ബിഹാറിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണ തീയതി പ്രഖ്യാപിച്ച് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. മെയ് 15 മുതൽ മെയ് 28 വരെ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ശനിയാഴ്ചയാണ് സുശീൽ മോദിയുടെ ഈ പ്രഖ്യാപനം വന്നത്.
എല്ലാ സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളിൽ ഭാഗമാകേണ്ടതുണ്ടെന്നെന്നും സുശീൽ കുമാർ മോദി പറഞ്ഞു. നിയമപരമായ ബാധ്യതയായതിനാൽ ഇതിൽ നിന്ന് ഒഴിവാകാനാകില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ എൻപിആർ നടപ്പാക്കാനാകില്ലെന്ന് പറയുകയാണെങ്കിൽ അയാൾക്കെതിരെ 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചാർത്തപ്പെടുമെന്നും സുശീൽ മോദി പറഞ്ഞു.
അതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിനെ പിന്തുണച്ച് ജെഡിയു രംഗത്തെത്തി. വിവരശേഖരണം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ജനതാദൾ യുനൈറ്റഡിന്റെ നിലപാട്. പൗരത്വ രജിസ്റ്ററിനും പൗരത്വ ബില്ലിനുമെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നപ്പോൾ ജെഡിയു വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോർ അതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത് എൻഡിഎ സഖ്യകക്ഷിയായ പാർട്ടിക്കകത്ത് വലിയ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു. ബില്ലിനെ അനുകൂലിച്ച് പാർലമെന്റിൽ നിലപാടെടുത്ത ജെഡിയു പ്രതിസന്ധിയിലായെങ്കിലും കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here