എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ കൂടുതൽ സംഘടനകൾ

എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകൾ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്‍റെ വെളിപ്പെടുത്തലുകളിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം, 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന.
ഒരിടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളിക്കെതിരായ പോരിന്, പഴയ എസ്എൻഡിപി യോഗം നേതാക്കളടക്കമുള്ളവർ രംഗത്തെത്തുകയാണ്. സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലിൽ വലിയ മാനങ്ങളുണ്ടെന്നും, പഴയ അടുപ്പക്കാരൻ പറയുന്ന പുതിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഒപ്പം വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും, പരാതികളും അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. അഴിമതി ആരോപണത്തിൽ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മ വേദി മുഖ്യമന്ത്രിക്ക് പരാതി നൽകും. കൂടാതെ വെള്ളാപ്പള്ളിക്കും ഇപ്പോഴത്തെ യോഗം നേതൃത്വത്തിനും എതിരെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
സുഭാഷ് വാസുവിന് പ്രത്യക്ഷ പിൻതുണ നൽകുന്നില്ലെങ്കിലും, വെള്ളാപ്പള്ളിക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യരൂപം വരുത്താനാണ് ശ്രീ നാരായണ സഹോദര ധർമ്മവേദിയുടെ തീരുമാനം.
അതേസമയം, 16 ന് സുഭാഷ് വാസുവും- സെൻകുമാറും ചേർന്ന് തിരുവനന്തപുരത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വരുമെന്ന് സൂചനകളുണ്ട്.
അനധികൃത സമ്പാദ്യത്തിന്റെ പൂർണ്ണ ചിത്രം, പ്രതീക്ഷിക്കുന്ന തരത്തിൽ രേഖകൾ പുറത്തുവന്നാൽ വെളളാപ്പളളിയെ ഭരണകക്ഷിക്ക് പോലും പരസ്യമായി പിന്തുണയ്ക്കാൻ കഴിയില്ലെന്നാണ് വെള്ളാപ്പള്ളി വിരുദ്ധ ചേരിയുടെ വിലയിരുത്തൽ.
ഒപ്പം മൈക്രോ ഫിനാൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം, വിദ്യാർത്ഥികളിൽ നിന്നുളള തലവരപ്പണം, ബി ഡി ജെ എസ്സിനു കിട്ടിയ സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിലും വെള്ളാപ്പള്ളി വിരുദ്ധ ചേരി വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നാണ് വിവരം.
Story Highlights: SNDP, Vellappally Natesan, Thushar Vellappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here