നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം 29നു തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 29നു തുടങ്ങും. കേസിലെ പത്ത് പ്രതികളെയും കുറ്റപത്രം വായിച്ച് കേൾപിച്ച് കുറ്റം ചുമത്തി. ദിലീപടക്കമുള്ള മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി.
നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഈ മാസം 29 – ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിക്കും. കേസിൽ പത്ത് പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപടക്കമുള്ള പ്രതികർ കോടതിയിൽ കുറ്റം നിഷേധിച്ചു. വിചാരണക്കാര്യത്തിൽ എല്ലാ പ്രതികളുടെയും അഭിപ്രായം കോടതി ആരാഞ്ഞു. കേസിൽ 355 സാക്ഷികളാണുള്ളത്. വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക നാളെ തയ്യാറാക്കും. കേസ് നാളെ വീണ്ടും പരിഗണിക്കും സാക്ഷികൾക്ക് സമൻസയക്കുന്ന നടപടികൾക്കായാണ് നാളെ കേസെടുക്കുന്നത്. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് ദീലീപിന്റെ നീക്കം. ഇതിന് സാവകാശം നൽകണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കുറ്റം ചുമത്തിയതിനാൽ സമാന ആവശ്യത്തിന്മേൽ അപ്പീൽ സമർപ്പിക്കുന്നതിന് സാങ്കേതിക തടസമുണ്ട്. എന്നാൽ കുറ്റപത്രത്തിനെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള ബദൽ നിയമ സാധ്യതയാണ് ദിലീപ് തേടുന്നത്.
കേസിലെ ആറ് പ്രതികൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ. എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്നത്.
Story Highlights: Actress Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here