Advertisement

ഖാസിം സുലൈമാനി വധം; ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍

January 6, 2020
2 minutes Read

ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്റെ പ്രഖ്യാപനം. 2015-ലെ ഉടമ്പടി പ്രകാരമുള്ള യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള നിയന്ത്രണം പാലിക്കില്ലെന്ന് പ്രസ്താവനയില്‍ ഇറാന്‍ വ്യക്തമാക്കി. ടെഹ്‌റാനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഇറാന്റെ പ്രഖ്യാപനം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയുള്ള ഇറാന്റെ പ്രഖ്യാപനം യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. 2015ലെ ഉടമ്പടി പ്രകാരം തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ആണവ പരിശോധനയ്ക്കായി അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനും ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി.

ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നലെ ഡോണള്‍ഡ് ട്രംപും ഇറാനും പരസ്പരം വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇറാന്‍ പുണ്യനഗരമായ ക്യോം ജാംകരനിലെ പള്ളിയുടെ താഴികക്കുടത്തില്‍ യുദ്ധസൂചകമായി ചുവന്ന കൊടി ഉയര്‍ത്തി. തുടര്‍ന്ന് ആക്രമിച്ചാല്‍ ശതകോടികളുടെ ആയുധങ്ങള്‍ ഇറാനിലെത്തുമെന്നും ഇതുവരെ കാണാത്ത ആയുധങ്ങളുടെ മൂര്‍ച്ച ഇറാന്‍ തിരിച്ചറിയുമെന്നും ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല ഇറാനിലെ 52 കേന്ദ്രങ്ങള്‍ തങ്ങളുടെ പൂര്‍ണ നിരീക്ഷണത്തിലാണെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി യുദ്ധം ചെയ്യാന്‍ അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചിരുന്നു.

അതേസമയം, ഇറാഖ് പാര്‍ലമെന്റ് രാജ്യത്തെ അമേരിക്കന്‍ സൈനികരെ പുറത്താക്കാനും കാസിം സൊലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്നില്‍ പരാതി നല്‍കാനും ഇന്നലെ പ്രമേയം പാസാക്കി. ഇതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഞായറാഴ്ച വൈകിട്ട് ആക്രമണമുണ്ടായതായി വാര്‍ത്തകളുണ്ട്. എംബസിക്ക് നേരെ നാല് റൗണ്ട് വെടിവെയ്പുണ്ടായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Story Highlights- US-Iran conflict, war situation, withdraws from nuclear deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top