‘ഇരുളിന്റെ മറവിലെ അക്രമരാഷ്ട്രീയത്തെ പിന്തുണക്കാനാവില്ല’: ജെഎൻയു സംഭവത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ

ജെഎൻയുവിൽ അടിയേറ്റു വീണ കുട്ടികൾക്കൊപ്പമാണ് താനെന്ന് മലയാളത്തിന്റെ പ്രശസ്ത അഭിനേത്രി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ജെഎൻയു രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു എന്നും ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നതിലെ രാഷ്ട്രീയത്തെ പിന്തുണക്കാനാവില്ലെന്നും മഞ്ജു വ്യക്തമാക്കി.
കുറിപ്പ് വായിക്കാം
ജെഎൻയുവിൽ നിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്ന് മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നത് ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നത് അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്.
പുറത്തുനിന്നുള്ളവർ കൂടി ചേർന്ന് ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്ന് പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
jnu attack, manju warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here