നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേൾപ്പിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേൾപ്പിക്കും. നടൻ ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് ഹാജരാകണം.
നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുക. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. എല്ലാ പ്രതികളും ഇന്ന് ഹാജരാകാൻ കോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കുറ്റം ചുമത്തും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ അപ്പീൽ സമർപ്പിക്കാൻ ദിലീപ് സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ദിലീപ് ഹാജരാകാതിരുന്നതിന് കോടതി അതൃപ്തി അറിയിച്ചിരുന്നു. അതിനാൽ ഇത്തവണ അവധി അപേക്ഷ നൽകാനാവില്ല. വിടുതൽ ഹർജി തള്ളിയതിൽ ദിലീപിന് അപ്പീൽ സമർപ്പിക്കാമെങ്കിലും വിചാരണയെ ബാധിക്കാനിടയില്ല. കേസിലെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും കേസിലെ പ്രാഥമിക വാദം പൂർത്തിയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here