ധവാൻ വേണ്ട; സഞ്ജു ഓപ്പൺ ചെയ്യണമെന്ന് ഗംഭീർ

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ മലയാളി താരം സഞ്ജു സാംസണിനു വേണ്ടി പലതവണ വാദിച്ചിട്ടുണ്ട്. സഞ്ജു ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും സഞ്ജുവിനെ ടീമിലെടുക്കണമെന്നും ഗംഭീർ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഗംഭീർ സഞ്ജുവിനു വേണ്ടി വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ടി-20 ടീമിൽ സഞ്ജു സാംസണിനെ ഓപ്പണറാക്കണമെന്നാണ് ഗംഭീറിൻ്റെ വാദം. ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിനു മുൻപുള്ള ചർച്ചക്കിടെയാണ് ഗംഭീർ സഞ്ജുവിനു വേണ്ടി രംഗത്തെത്തിയത്. ശിഖർ ധവാനെ മാറ്റി സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെട്ട ഗംഭീർ ധവാനെ ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാരെയും വിമർശിച്ചു. രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച അവസരത്തിൽ രാഹുലിനൊപ്പം സഞ്ജുവായിരുന്നു ഓപ്പൺ ചെയ്യേണ്ടത്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും ദേശീയ ടീമിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിക്കുന്നില്ല. ഇനിയും അതുണ്ടാകരുതെന്നും മുൻ താരം പറഞ്ഞു.
ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് കഴിഞ്ഞ് പെയ്തു തുടങ്ങിയ മഴ അല്പ സമയം കഴിഞ്ഞ് മാറിയെങ്കിലും പിച്ച് ഉണങ്ങാതിരുന്നത് തിരിച്ചടിയായി. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം കാര്യക്ഷമമല്ലാതിരുന്നതിനെത്തുടർന്ന് സ്റ്റീം അയണും ഹെയർ ഡ്രയറും വെച്ച് പിച്ചുണക്കാനും ഗ്രൗണ്ട് സ്റ്റാഫ് ശ്രമിച്ചിരുന്നു. ഇന്ന് ഇൻഡോറിലാണ് രണ്ടാമത്തെ ടി-20 നടക്കുക.
Story Highlights: India, Srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here